- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വല്ലാര്‍പാടത്ത് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തല്ലിച്ചതച്ചു; വയോധികനെ മകന്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത് വന്നതോടെ കേസെടുത്ത് പോലിസ്: മുന്‍പും തന്നെ മര്‍ദിച്ച കേസില്‍ അകത്തായ യുവാവിനെ ജാമ്യത്തിലിറക്കിയതും പിതാവ്
വല്ലാര്‍പാടത്ത് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തല്ലിച്ചതച്ചു

കൊച്ചി: വല്ലാര്‍പാടത്ത് ജൂതനടപ്പില്‍ മദ്യലഹരിയില്‍ പിതാവിന് മകന്റെ വക ക്രൂര മര്‍ദനം. മകന്‍ അച്ഛനെ അതിക്രൂരമായി മര്‍ദിക്കുന്നത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ മകനെതിരെ മുളവുകാട് പോലീസ് കേസെടുത്തു. വല്ലാര്‍പാടം ജൂതനടപ്പ് സ്വദേശി പുരുഷനാ (68) ണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രവീണി (42) ന്റെ പേരില്‍ പോലീസ് കേസെടുത്തു. പ്രവീണ്‍ മുന്‍പും പലവട്ടം പിതാവിനെ മര്‍ദിക്കുകയും പോലിസ് കേസാകുകയും ചെയ്തിട്ടുണ്ട്. അന്ന് പ്രവീണിനെ ജാമ്യത്തിലിറക്കിയതും പിതാവാണ്.
പോലിസ് കേസെടുത്തതോടെ ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടങ്ങി. ഞായറാഴ്ചയാണ് പ്രവീണ്‍ അച്ഛന്‍ പുരുഷനെ അതിക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. മര്‍ദനമേറ്റതിനേത്തുടര്‍ന്ന് പുരുഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് ശേഷം വൈകീട്ടോടെയാണ് മര്‍ദനവീഡിയോ പുറത്തുവന്നത്. തുടര്‍ന്ന് പുരുഷനെ സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുത്തു. ലോട്ടറി വില്‍പ്പനക്കാരനാണ് പുരുഷന്‍. അതേസമയം മര്‍ദന വീഡിയോ പകര്‍ത്തിയത് ആരാണെന്ന് വ്യക്തമല്ല.
പലതവണ പ്രവീണിനെതിരേ സഹോദരി പരാതി നല്‍കിയിട്ടുണ്ട്. ആറ് കേസുകള്‍ പ്രവീണിനെതിരേ മുളവുകാട് പോലീസ് എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പുരുഷന്റെ തലയ്ക്കടിച്ചതിന് പ്രവീണിനെതിരേ പോലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് സഹോദരിയും അച്ഛനും പറഞ്ഞു. അവര്‍തന്നെ പ്രവീണിനെ ജാമ്യത്തിലിറക്കുകയും ചെയ്തു. തുടര്‍ന്നും പല തവണ കേസെടുത്തെങ്കിലും സഹോദരിയും അച്ഛനും പറഞ്ഞതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
എം.എ. ബിരുദധാരിയാണ് അവിവാഹിതനായ പ്രവീണ്‍. വല്ലാര്‍പാടം ജൂതനടപ്പില്‍ മൂന്നു സെന്റിലെ വീട്ടിലാണ് താമസം. കുറച്ചു നാളുകളായി പ്രവീണിന്റെ സഹോദരിയും ഭര്‍ത്താവും കുടുംബവീട്ടിലാണ് താമസം. അതിനിടെ കുടുംബസ്വത്തില്‍ ഒന്നര സെന്റ് പുരുഷന്‍ മകള്‍ക്ക് കൊടുത്തു. ഇതേത്തുടര്‍ന്ന് പ്രശ്‌നങ്ങളുയര്‍ന്നിരുന്നു.
പിതാവിനെ മര്‍ദിക്കുന്ന സംഭവം പതിവായതോടെ മുളവുകാട് പോലീസ് വിഷയം ആര്‍.ഡി.ഒ.യ്ക്ക് റിപ്പോര്‍ട്ടായി നല്‍കി. ആര്‍.ഡി.ഒ. നടത്തിയ ഹിയറിങ്ങില്‍ പ്രവീണ്‍ ബോണ്ട് വെക്കാതിരിക്കുകയും ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്ക് പോകാന്‍ സമ്മതമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡീ-അഡിക്ഷന്‍ സെന്ററിലെത്തി ചികിത്സ നടത്തി. എന്നാല്‍, അടുത്തിടെ വീണ്ടും മദ്യപാനം തുടരുകയും വീട്ടില്‍ പ്രശ്‌നമുണ്ടാക്കുകയുമായിരുന്നു.


