വീടിന്റെ ശുചിമുറിയില്‍ നിന്നും നാലു ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. പോലിസ് പരിശോധനയില്‍ ലിപിക കുമാരിയെന്ന യുവതിയുെട മൃതദേഹം പാതി കത്തിയ നിലയില്‍ വീടിന്റെ ശുചിമുറിയില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ ലിപികയ്ക്ക് ഒപ്പം താമസിക്കുന്ന രണ്ട് സഹോദരന്മാരെ പോലിസ് കസ്റ്റഡിയിലെടുത്തു. അച്ഛനും അമ്മയും മരിച്ചതിനാല്‍ സഹോദരങ്ങള്‍ ഒന്നിച്ചായിരുന്നു താമസം.

ലിപികയുടെ മരണത്തില്‍ സഹോദരന്‍മാരുടേയും മൊഴിയില്‍ കടുത്ത ദുരൂഹതയുണ്ടെന്ന് പോലിസ് വ്യക്തമാക്കി. ാലു ദിവസം പഴക്കമുള്ള മൃതദേഹം പാതി കത്തിയ നിലയിലാണ്. പുഴുവും പ്രാണിയും അരിച്ചപ്പോള്‍ തീയിട്ടതാണെന്നാണ് മൂത്ത സഹോദരന്‍ മൊഴി നല്‍കിയത്. എന്നാല്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍മാര്‍ പറയുന്ന മൊഴി പരസ്പര വിരുദ്ധവും ദുരൂഹത നിറയ്ക്കുന്നതുമാണെന്ന് പൊലീസ് പറയുന്നു.

ഏപ്രില്‍ ഏഴിനാണ് ലിപിക മരിച്ചത്. 2023ല്‍ പിതാവിന്റെ മരണശേഷം ലിപിക കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് മൂത്ത സഹോദരന്‍ പ്രണവ് രാജ്യവര്‍ധന്‍ പറയുന്നു. 'ഏപ്രില്‍ 7ന് ആരോഗ്യനില വഷളായെന്നും മൂന്നുനാലു തവണ ഛര്‍ദിച്ചെന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി. പിന്നാലെ ലിപിക കുഴഞ്ഞുവീണു മരിച്ചു. ഇളയ സഹോദരനെ അറിയിച്ചെങ്കിലും പക്ഷേ ഒന്നും ചെയ്തില്ല. മൂന്നുനാലു ദിവസം മൃതദേഹം അങ്ങനെ കിടന്നു. മൃതദേഹം അഴുകി തുടങ്ങിയതോടെ പുഴുക്കളും പ്രാണികളും നിറഞ്ഞ് ശല്യമായി. ഇതോടെ മൃതദേഹത്തിനു തീയിട്ടെന്നും രാജ്യവര്‍ധന്‍ പറയുന്നു.

അതേസമയം ഇളയ സഹോദരന്‍ മൃതദേഹം കണ്ടെന്ന പ്രണവിന്റെ വാദം ഇളയ സഹോദരനായ പ്രദ്യുത് രാജ്യവര്‍ധന്‍ നിഷേധിച്ചു. ലിപിക മരിച്ച സമയത്തോ പിന്നീടോ താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും പ്രദ്യുത് പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.