പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ചു പി സി ജോര്‍ജ്ജ്. സി.പി.എം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ ദിവ്യക്കൊപ്പമുണ്ട്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി. നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുകയോ ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവര്‍. സി.പി.എം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഃകരമാണ്. ഇതില്‍ ശരിക്കും സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ എന്‍ക്വയറിയോ വേണം. പമ്പിന് അപേക്ഷ നല്‍കിയ ആള്‍ അഞ്ച് പൈസക്ക് ഗതിയില്ലാത്തവനാണ്. പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണ് അയാള്‍. അയാള്‍ ഒരാളുടെ ജീവിതം തകര്‍ത്തു. അത് ആഘോഷിക്കുകയാണ് കണ്ണൂര്‍ സി.പി.എം. ഇനിയെങ്കിലും ജനം ബോധവാന്മാരാകണം'' -പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിവ്യ, നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പ?ങ്കെടുത്തത് കലക്ടര്‍ പറഞ്ഞിട്ടാണെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിച്ചു. അഴിമതിക്കെതിരെയാണ് യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചത്. നല്ല ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത്. എ.ഡി.എമ്മിന് മനോവേദനയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല.

ഉദ്യോഗസ്ഥതലത്തിലെ അഴിമതി തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നല്‍കിയില്ല. മൂന്നുമണിക്കൂറാണ് അന്വേഷണ സംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്കെല്ലാം ദിവ്യ മറുപടി നല്‍കിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.