റാന്നി: മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രകോപിതനായി പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാർത്ഥിയാണ് പുഴയിൽ ചാടിയത്.

സൈക്കിളിലായിരുന്നു വിദ്യാർത്ഥി പാലത്തിലെത്തിയത്. സൈക്കിൾ ഉപേക്ഷിച്ച ശേഷം റാന്നി വലിയ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. തുടർ ഇവർ ഓടിയെത്തിയപ്പോഴേക്കും കുട്ടി തന്നെ നീന്തി കരക്ക് കയറി.

ഒഴുക്കിൽപ്പെടാൻ മാത്രമുള്ള വെള്ളം പുഴയിൽ കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്നും കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു. തിരികെ നീന്തിക്കേറിയ വിദ്യാർത്ഥിയെ നാട്ടുകാർ ചേർന്ന് റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു.

തുടർന്ന് പ്രാഥമിക ചികിത്സ നൽകി. എന്നാൽ കുട്ടിക്ക് പരിക്കുകളില്ലായിരുന്നു. ശേഷം മാതാപിതാക്കളെ വിവരമറിച്ചതിനെ തുടർന്ന് അവർ ആശുപത്രിയിലെത്തി. പോലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണങ്ങൾ നടത്തി. തുടർന്നായിരുന്നു ആത്യമഹത്യക്കുള്ള കാരണം പുറത്ത് വന്നത്.