- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസില്‍ വാറണ്ടായി; വിവരമറിഞ്ഞ് കോടതിയില്‍ ചെന്നപ്പോള്‍ റിമാന്‍ഡ് ചെയ്തതറിഞ്ഞു ഓടി രക്ഷപ്പെട്ടു; പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് മോഷണക്കേസ്; കൂട്ടുപ്രതിയും പോക്സോ കേസില്‍ അകത്ത്
കൂട്ടുപ്രതിയും പോക്സോ കേസില്‍ അകത്ത്
പത്തനംതിട്ട: റിമാന്‍ഡ് ചെയ്തതറിഞ്ഞു കോടതിയില്‍ നിന്നും ഓടിരക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പോക്സോ കേസിലെ പ്രതി മെഴുവേലി ആയത്തില്‍ സനു നിവാസില്‍ സുനു സജീവനാ(28)ണ് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട പോക്സോ കോടതിയില്‍ നിന്നും കഴിഞ്ഞമാസം 27 ന് വാറണ്ട് ഇയാള്‍ക്കെതിരെ ഉത്തരവായിരുന്നു. തുടര്‍ന്ന്, ഇയാള്‍ കോടതിയില്‍ ഹാജരായി. കോടതി റിമാന്‍ഡ് ചെയ്തറിഞ്ഞു കോടതിയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ ഇന്നലെ രാവിലെ 11 ഓടു കൂടി ഇയാളെ കൊടുമണ്‍ നിന്നും ഡിവൈ.എസ്.പി എസ്.ന്യൂമാന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, ഇലവുംതിട്ട പോലീസിന് കൈമാറി.വിശദമായി ചോദ്യം ചെയ്തപ്പോള്‍, മുമ്പ് ജയിലില്‍ വച്ച് പരിചയപ്പെട്ട ആലപ്പുഴ തെക്കേക്കര മാവേലിക്കര പോണകം ഉറളിശ്ശേരി വീട്ടില്‍ ഉണ്ണി കാര്‍ത്തികേയനു (26)മായി ചേര്‍ന്ന് ജൂലൈ 25 നും ഓഗസ്റ്റ് രണ്ടിനുമിടെ ഇലവുംതിട്ട മെഴുവേലി നെടിയകാലയിലുള്ള അനില്‍ കുമാറിന്റെ ഇന്ദീവരം വീട്ടില്‍ നിന്നും ഓട്ടുവിളക്കുക്കളും ഓട്ടുപാത്രങ്ങളും മോഷ്ടിച്ച കാര്യം വെളിപ്പെടുത്തി. മോഷണം നടത്തിക്കഴിഞ്ഞ് ഒളിവില്‍ പോയി. ഇതിനിടെ, ഉണ്ണിയെ ജില്ലയിലെ മറ്റൊരു സ്റ്റേഷനിലെ പോക്സോ കേസ്സിലേക്ക് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു.
നാലിനു രാവിലെ 11 ഓടെ സുനു സജീവനെ കൊടുമണ്‍ നിന്നും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്ത് ഇലവുംതിട്ട പോലീസിന് കൈമാറുകയുമായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ മോഷണക്കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. മോഷണം നടന്ന വീടിന്റെ ഉടമസ്ഥന്‍ അനില്‍കുമാറിന്റെ ഭാര്യ അമ്പിളിയുടെ മൂത്ത സഹോദരിയും പുലിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ചെങ്ങന്നൂര്‍ പുലിയൂര്‍ ഇലഞ്ഞിമേല്‍ വള്ളിക്കാവ് അമ്പലത്തിന് സമീപം പള്ളത്തു കിഴക്കേതില്‍ ടി ടി ഷൈലജയുടെ മൊഴിപ്രകാരം നാലിന് ഇലവുംതിട്ട പോലീസ് മോഷണത്തിന് കേസെടുത്തിരുന്നു. ഗ്രേഡ് എസ് ഐ ജി ഉണ്ണികൃഷ്ണനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മോഷ്ടാവ് കൊടുമണില്‍ പിടിയിലായത്.
അമ്പിളിയും ഭര്‍ത്താവ് അനില്‍ കുമാറും 20 വര്‍ഷമായി ദുബായിലാണ്, നെടിയകാലായിലെ വീട്ടില്‍ ആരും താമസമില്ല. പത്ത് വര്‍ഷമായി വീട് നോക്കിസൂക്ഷിക്കുന്നത് ശ്യാമളയും ഭര്‍ത്താവ് സജീവനുമാണ്. രണ്ടുദിവസമായി വീട്ടിലെ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരം ശ്യാമള ഭര്‍ത്താവ് സജീവനോട് പറഞ്ഞു, തുടര്‍ന്ന് അനില്‍കുമാറിനെ അറിയിച്ചിരുന്നു. അനില്‍ കുമാര്‍ നിര്‍ദേശിച്ചത് പ്രകാരം സജീവന്‍ വീട് തുറന്നു നോക്കിയപ്പോള്‍ വൈദ്യുതി വിച്ഛേദിച്ച നിലയിലായിരുന്നു. പുറത്തുനിന്ന് ആളിനെ എത്തിച്ച് ശരിയാക്കിയ ശേഷം വിവരം അനിലിനെ അറിയിച്ചു.
തുടര്‍ന്ന് വീട്ടില്‍ കള്ളന്‍ കയറിയെന്നും എന്തൊക്കെയോ സാധനങ്ങള്‍ മോഷ്ടിച്ചെന്നും അമ്പിളിയെ ശ്യാമള രണ്ടിന് വിളിച്ചറിയിച്ചു. ഇക്കാര്യം അറിയിച്ചതനുസരിച്ച് ഷൈലജ, മറ്റൊരു സഹോദരി ഷാലിനിയും മകളുമൊത്ത് വീട്ടിലെത്തി പരിശോധിച്ചു. സജീവനും ഭാര്യ ശ്യാമളയും ഒപ്പമുണ്ടായിരുന്നു.
വീടിനകത്ത് കയറി നോക്കിയപ്പോള്‍ ഹാളിന് വടക്കുവശത്തെ മുറിയിലെ കബോര്‍ഡ് തുറന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്നതും ഹാളിലും അടുക്കളയിലും വെച്ചിരുന്നതുമായ 2 ലക്ഷം രൂപയോളം വിലവരുന്ന ഓട്ടുപാത്രങ്ങളും നിലവിളക്കുകളും മോഷ്ടിക്കപ്പെട്ടതായി മനസ്സിലായി. അടുക്കള വാതില്‍ തുറന്ന നിലയിലായിരുന്നു, മുകളിലെ നിലയില്‍ ബാല്‍ക്കണിയില്‍ നിന്നും ബെഡ്റൂമിലേക്ക് കയറുന്ന വാതിലിന്റെ കതക് എന്തോ ഉപകരണം വച്ച് തിക്കി ഇളക്കി തുറന്ന പാടും ഉണ്ടായിരുന്നു. കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന പത്തോളം ചെറിയ ഓട്ടു വിളക്കുകളും,ഓരോന്ന് വീതം ഓട്ട് പറയും ഓട്ട് തട്ടവും 2 വീതം ഓട്ടുകിണ്ടിയും ഓട്ടു ചങ്ങഴിയും, ഒരു ചന്ദനത്തിരി സ്റ്റാന്‍ഡും, ഒരു ഓട്ടുലക്ഷ്മി വിളക്കും, ഓരോന്ന് വീതം ഓട്ടുകര്‍പ്പൂര സ്റ്റാന്‍ഡും ഓട്ട് നാഴിയും,മൂന്ന് ഓട്ടുതൂക്കുവിളക്കുകളുമാണ് മോഷ്ടിക്കപ്പെട്ടത്.
ഹാളില്‍ വെച്ചിരുന്ന രണ്ട് ഓട്ട് വിളക്കുകളും, അടുക്കളയില്‍ സൂക്ഷിച്ച രണ്ട് ഓട്ടുരുളികളും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. അറസ്റ്റിലായ ഒന്നാംപ്രതി സുനു, സജീവന്റെയും ശ്യാമളയുടെയും മകനാണ്. പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാന്റെ മേല്‍നോട്ടത്തില്‍ ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിരലടയാള വിദഗ്ദ്ധരും പോലീസ് ഫോട്ടോഗ്രാഫറും അടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നു. വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു.
കോടതിയില്‍ നിന്നും രക്ഷപ്പെട്ട സുനുവിന് വേണ്ടി പോലീസ് സംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അന്വേഷണത്തിനിടെയാണ് ഡിവൈഎസ്പിയുടെ പ്രത്യേക സംഘം കൊടുമണ്ണില്‍ നിന്നും ഇയാലെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്റ്റേഷനില്‍ എത്തിച്ചശേഷം ഇലവുംതിട്ട പോലീസിന് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ രണ്ടാംപ്രതി ഉണ്ണി കാര്‍ത്തികനുമായി ചേര്‍ന്ന് മോഷണം നടത്തിയ വിവരം പോലീസിനോട് സമ്മതിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം ഇന്നലെ വൈകിട്ട് 6.40 ന് അറസ്റ്റ് രേഖപ്പെടുത്തി. മറ്റൊരു സ്റ്റേഷനിലെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഉണ്ണിയെ ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയും, തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്യാനാണ് പോലീസ് നീക്കം. മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതിന് ഇലവുംതിട്ട പോലീസ് 2002ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇയാള്‍ക്കെതിരെ പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ വാറന്റ് നിലവിലുള്ളത്. ഈ കേസ് കൂടാതെ, മാവേലിക്കര പോലീസ് 2024 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലും പ്രതിയാണ് ഇയാള്‍. ജയിലില്‍ കഴിയുമ്പോഴാണ് ഉണ്ണിയെ ഇയാള്‍ പരിചയപ്പെട്ടത്. സുനുവിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രത്യേക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരായ ട്രാഫിക് യൂണിറ്റിലെ പ്രദീപ്,പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സുമന്‍, അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.