തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ചതിന് ഏഴ് വര്‍ഷം കഠിനതടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65)യാണ് ശിക്ഷിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്.

2025 ഏപ്രില്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. സംഭവ ദിവസം തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികില്‍വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. ആരോടും ഇക്കാര്യം പറയരുതെന്നും പ്രതി കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കുട്ടി പ്രദേശത്തുണ്ടായിരുന്ന അച്ഛന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു. തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ. ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. എച്ച് എ രവി ശങ്കര്‍ തമ്പി എന്നിവര്‍ ഹാജരായി. വഞ്ചിയൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അലക്‌സ് സി ആണ് കേസ് അന്വേഷിച്ചത്.

2012 മെയ് മാസത്തില്‍ ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തില്‍ വാച്ചറായിരിക്കെ മനോരോഗിയായ യുവതിയെ പീഡിപ്പിക്കുകയും, ഈ കേസില്‍ ഏഴ് വര്‍ഷം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് പതിനഞ്ചുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.