കാസര്‍കോട്: കാഞ്ഞങ്ങാട് എട്ടുവയസുകാരനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 30 വര്‍ഷം കഠിനതടവും 36,000 രൂപ പിഴയും ശിക്ഷ. ആവിയില്‍ കണ്ടംകടവിലെ ടി പി മുഹമ്മദ് മിദിലാജി(24)നാണ് ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു മാസവും അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

2023 ഫെബ്രുവരി 23ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസുകാരനെ റോഡില്‍ നിന്നും ബലമായി പിടിച്ച് കൊണ്ടുപോയി നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീട്ടിലെത്തിച്ച് കൈകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ ആണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.