ന്യൂഡല്‍ഹി: സംവിധായകനും നടനുമായ ശാന്തിവിള ദിനേശിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്‌സോ കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിനേശിനെതിരെ കേസെടുത്തത്. കേസിന് പിന്നില്‍ മലയാളത്തിലെ ഒരു സംവിധായകനാണ് എന്നായിരുന്നു ദിനേശിന്റെ ഹര്‍ജിയിലെ വാദം. ദിനേശും ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുനില്‍ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം ശാന്തിവിള ദിനേശിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ മറ്റൊരു കേസും പൊലീസ് ഈയിടെ എടുത്തിരുന്നു. ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവര്‍ക്കെതിരെ കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.