- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ മദ്യലഹരിയിൽ പോലീസ് ഡ്രൈവറുടെ പരാക്രമം; സ്കൂട്ടറിലും കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയി; പിന്നാലെ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; പൊലീസ് ഡ്രൈവർക്ക് സസ്പെൻഷൻ
തൃശ്ശൂർ: മാളയില്‍ മദ്യലഹരിയിൽ പോലീസ് ഡ്രൈവറുടെ പരാക്രമം. സ്കൂട്ടറിലും കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തലകീഴായി മറിഞ്ഞു. മാള പൊലീസിന്‍റെ പിടിയിലായതിന് പിന്നാലെ പൊലീസ് ഡ്രൈവറെ റൂറല്‍ എസ്പി സസ്പന്‍റ് ചെയ്തു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. ചാലക്കുടി ഹൈവേ പൊലീസിന്റെ ഭാഗമായ പൊലീസ് ഡ്രൈവറായ പി.പി. അനുരാജാണ് മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്.
അമിത വേഗതയിലെത്തിയ വാഹനം ബൈക്കിലും കാറിലും ഇടിച്ചിരുന്നു. തലനാരിയിഴക്കാണ് അപകടത്തിൽ പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മേലഡൂരില്‍ വച്ച് കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപെടലാണ് അനുരാജിന്റെ ജീവൻ രക്ഷിച്ചത്.
ഓടിക്കൂടിയ നാട്ടുകാർ അനുരാജിനെ വലിച്ച് പുറത്തിട്ടു. ശേഷം പോലീസിനെ വിവരം അറിയിച്ചു. മാള പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് മദ്യലഹരിയിലായിരുന്ന അനുരാജിനെയാണ്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയശേഷം അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തു. പിന്നാലെയായിരുന്നു ഇയാള്‍ക്കെതിരെ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ വകുപ്പുതല നടപടി സ്വീകരിച്ചത്