കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും റോഡിലേയ്ക്ക് തെറിച്ച് വീണ് പരിക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. ബസിൻറെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാർത്ഥിനി തെറിച്ച് റോഡിൽ വീണതും.

ഇന്നലെ വൈകിട്ട് നാല് മണി കഴിഞ്ഞാണ് സംഭവം. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബസ് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്. അപകടത്തെ തുടർന്ന് വിദ്യാർത്ഥിനിയുടെ കാലൻ പരിക്കേറ്റിരുന്നു.

ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർഥിനിയില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പും നടപടികളിലേയ്ക്ക് കടന്നത്. ബസ് സംഭവ ദിവസം രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബസ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് സമീപം പിടിച്ചിട്ടിരിക്കുകയാണ്.

ബസ് ജീവനക്കാര്‍ക്കെതിരെ ലൈസന്‍സ് സന്‍പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കിയ ശേഷമാകും മോട്ടോര്‍ വാഹന വകുപ്പ് നടപടികളിലേയ്ക്ക് കടക്കുക. സംഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ക്ലാസ് കഴിഞ്ഞ് പോകും വഴി അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളി പാലാ റൂട്ടിലോടുന്ന വാഴയില്‍ ബസില്‍ നിന്നാണ് വിദ്യാർഥിനി താഴെ വീണത്.