പാലക്കാട്: പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്ക്. പാലക്കാട് കോങ്ങാടിയിൽ വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു. അമിത വേഗത കാരണമാണ് ബസ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.

പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അപകടത്തിൽ പത്തു പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതിൽ എട്ടുപേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്‍റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.