മേപ്പാടി: വയനാട് ദുരിത ബാധിർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിൽ സംഘർഷം. ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച വസ്തുക്കളെന്നാണ് പരാതി. മേപ്പാടി പഞ്ചായത്തിനെതിരെയാണ് പ്രതിഷേധം നടന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് ആരോപണം. പ്രതിഷേധവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ്ന്റെ ഓഫിസിൽ തള്ളി കയറി.

ദുരന്തം നടന്ന സമയത്ത് വന്ന സാധനങ്ങൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയായിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ വിതരണം നടത്തിയതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.

ദുരിത ബാധിതരരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് നടത്തിയ പ്രതിഷേധം പ്രസിഡന്റിന്റെ ചേംബർ വരെയെത്തി. ഇതോടെയാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം തമ്പടിച്ചിരുന്നു. പഞ്ചായത്തിനകത്ത് ഭഷ്യ വസ്തുക്കൾ നിരത്തിയിട്ടായിരുന്നു പ്രതിഷേധം.

മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. അതേസമയം, സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

അപാകത ഉണ്ടായെങ്കിൽ പരിശോധിക്കാൻ തയ്യാറാണ്. പതിനായിരക്കണക്കിന് കിറ്റുകൾ നൽകിയതിൽ ഒന്നോ രണ്ടോ കിറ്റുകളിൽ മാത്രമാണ് അപാകത സംഭവിച്ചതെന്നും, പ്രതിഷേധത്തിനെതിരല്ല എന്നാൽ അക്രമസ്തമായി സമരം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പഞ്ചായത്ത് അംഗങ്ങൾ വിശദമാക്കി. അതേസമയം വിഷയത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പ്രതികിരിച്ചു.