ചാരുംമൂട്; ആലപ്പുഴയില്‍ പേവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരന്‍ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

രണ്ടാഴ്ച മുമ്പ് സൈക്കിളില്‍ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിക്കുന്നത്. എന്നാല്‍ ഈ വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പനി ബാധിച്ച കുട്ടിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കാണിച്ചത്. നായയുടെ ആക്രമണത്തിനിടെ കുട്ടിയുടെ തുടയില്‍ പരിക്കേറ്റിരുന്നു. ഇത് നായയുടെ നഖം കൊണ്ടുള്ള പോറലാകാമെന്നാണ് കരുതുന്നത്.

ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. വീടിന് സമീപത്തു വച്ച് തെരുവ് നായ ആക്രമിച്ചതായി കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോള്‍ കുട്ടി സൈക്കിളില്‍ നിന്ന് വീണിരുന്നു. തുടയില്‍ ചെറിയ പോറലുണ്ടായിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.