തിരുവനന്തപുരം: പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്നും കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അതുപോലെ തന്നെ ആ ദിവസങ്ങളിൽ തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങാനും സാധ്യത ഉണ്ട്.

അതേസമയം, മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ, വടക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴിയുടെ സാന്നിധ്യം ഉണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത ഉണ്ടെന്നും അധികൃതർ പറഞ്ഞു.

തുടർന്ന് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാനായിരിക്കും സാധ്യത. അതുകൊണ്ട് തന്നെ കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ, അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.