കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പത്ത് വര്‍ഷം മുമ്പുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരിക എന്നതാണ് ഒരു എംഎല്‍എയുടെ കര്‍ത്തവ്യം. ഞങ്ങളുടെ ലക്ഷ്യം എല്ലാവരുടെയും വികസനമാണ്. ഉപദേശിക്കലും വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കലുമല്ല എംഎല്‍എ യുടെ കടമ. 10 കൊല്ലമായി ഇവിടെ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാന്‍ സാധിച്ചിട്ടില്ല, അതിന് താല്പര്യവുമില്ല.

എവിടെ നോക്കിയാലും വിവാദം മാത്രമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ പത്ത് വര്‍ഷക്കാലം എംഎല്‍എമാര്‍ ഒന്നും ചെയ്തില്ല. എംഎല്‍എയായ മുഖ്യമന്ത്രിക്കും വലിയ ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വീടില്ല, റോഡില്ല, കുടിവെളളമില്ല എന്ന പരാതിയുമായി നൂറുകണക്കിന് പേരാണ് ബിജെപി സംഘടിപ്പിച്ച അദാലത്തില്‍ പങ്കെടുക്കുന്നത്.

ബിജെപിക്ക് രാഷ്ട്രീയം ഏതെങ്കിലും കുടുംബത്തെ നന്നാക്കാനോ പാര്‍ട്ടി ക്കാര്‍ക്ക് എന്തെങ്കിലും നേടാനോ അല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മമ്പറത്ത് ബിജെപി സംഘടിപ്പിച്ച മെഗാഅദാലത്ത്, ജനസംഗമം എന്നിവയുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വര്‍ഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

ഇതാണ് ബിജെപി. പൊളിറ്റിക്സ് ഓഫ് പെര്‍ഫോമന്‍സിന്റെ രാഷ്ട്രീയം. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നാടിനെ നന്നാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കഴിഞ്ഞ കാലങ്ങളില്‍ ഒന്നും ചെയ്തില്ല. ഇതാണ് ബിജെപിയും ഇവരും തമ്മിലുളള വിത്യാസം. നാടിന്റെ നന്മയാണ് എംഎല്‍എയുടെ കടമ . ദുര്‍ബലമായ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുന്‍പന്തിയില്‍ എത്തി. 12 കൊല്ലം പ്രധാനമന്ത്രിയും ബിജെപിയും നന്നായി അധ്വാനിച്ചു. ജനജീവിതം മികച്ച നിലയിലേക്ക് വളര്‍ന്നു.

നാടിനെ മുന്നോട്ടു കൊണ്ടുപോയി. വികസിത കേരളം വികസിത ധര്‍മ്മടം അതാണ് ബിജെപിയും ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉള്‍പ്പെടെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നിഷേധിച്ചു. സംസ്ഥാനത്ത് എവിടെ നോക്കിയാലും രാഷ്ട്രീ വിവാദങ്ങളാണ്. വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടതും വലതും തയ്യാറല്ല. ഇത് മാറണം, നാട് മാറണം, ജനങ്ങള്‍ക്ക് ഇത് മതിയായി എന്നും അദ്ദേഹം പറഞ്ഞു.