തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മയക്കി കിടത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്. മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തി യുവതിയെ ഇയാൾ പല തവണ പീഡിപ്പിക്കുകയായിരുന്നു. സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ക്രൂര പീഡനം. വർക്കല പൊലീസാണ് പ്രതിയെ പിടികൂടിയത്.

യുവതിയെ തന്ത്രപരമായി വീട്ടിലെത്തിച്ച ശേഷം പ്രതി കുടിക്കനായി ശീതള പാനീയം നൽകി. ഇതിൽ മയങ്ങാനായുള്ള എന്തോ ദ്രാവകം ചേർത്തിരുന്നു. പാനീയം കുടിച്ച് മയക്കത്തിലായിരിക്കെ പ്രതി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തിയ ഇയാൾ ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തുടർന്നും പീഡനത്തിന് ഇരയാക്കി.

ഇതിന് പുറമെ മൊബൈൽ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി പേർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രതി ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ കേസെടുത്ത വര്‍ക്കല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.