തിരുവനന്തപുരം: പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന് കർശന മുന്നറിയിപ്പുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. പെരുമാറ്റവും മാന്യതയും നല്ല സഭ്യത നിറഞ്ഞതുമായിരിക്കണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളാണ് യജമാനന്മാര്‍ എന്ന് മറക്കരുത്.

അടുത്തിടെ ആര്‍ടിഒ ഓഫീസുകൾ അടക്കം സന്ദര്‍ശിച്ചപ്പോൾ അവിടെ ഇരിക്കുന്നവര്‍ വളരെ മോശമായി ജനങ്ങളോട് പെരുമാറുന്നതാണ് കണ്ടത്. ജനങ്ങളോട് കൂടുതലും ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്.

ഇങ്ങനെയുള്ള ഭാഷ പൊതു ജനങ്ങളോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. വളരെ മര്യാദയോടെയും മാന്യതയോടെയും മാത്രമേ ജനങ്ങളോട് പെരുമാറാൻ പാടുള്ളൂ. പാലക്കാട് ഒരു ആര്‍ടിഒ ഓഫീസില്‍ പോയപ്പോൾ ലൈസൻസ് കിട്ടാൻ താമസിച്ചതിന്‍റെ സങ്കടം പറയുന്ന ഒരാളോട് മന്ത്രി നില്‍ക്കുമ്പോള്‍ തന്നെ മോശമായി പെരുമാറുന്നതാണ് ഞാൻ കണ്ടത്.

അതുപ്പോലെ തന്നെ ആളുകളെ ആവശ്യമില്ലാതെ നടത്തരുത്. ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. വിജിലൻസിന്‍റെയും സ്ക്വാഡിന്‍റെയും പരിശോധന ഇനി ഇക്കാര്യത്തിൽ ഉണ്ടാകും. പൊതുജനം ചോദിക്കുന്ന കാര്യങ്ങൾക്ക് മാന്യമായി തന്നെ മറുപടി നല്‍കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.