കൊച്ചി: പാചകവാതക സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ പോകുന്നത് തടയണമെന്ന് ഹൈകോടതി. ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷ മുന്‍നിര്‍ത്തിയാണ് കോടതിയുടെ ഇടപെടല്‍.

മാളികപ്പുറത്തെ അന്നദാനം കോംപ്ലക്സില്‍ 24 മണിക്കൂറും ഭക്ഷണ വിതരണമുണ്ടെന്നിരിക്കെ, തീര്‍ഥാടകര്‍ക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച് 13, 14 തീയതികളില്‍ പാണ്ടിത്താവളത്തും ഭക്ഷണ വിതരണമുണ്ട്. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക ഭീഷണിയാണെന്ന വ്യക്തമാക്കിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജികളാണ കോടതി പരിഗണിച്ചത.

പരമ്പരാഗത പാതയായ എരുമേലി, മുക്കുഴി വഴിയുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍, ഈ പാതയിലൂടെയുള്ള തീര്‍ഥാടനം ആചാരത്തിന്റെ ഭാഗമാണെന്നും പൂര്‍ണനിരോധനം പ്രായോഗികമല്ലെന്നും ദേവസ്വംബോര്‍ഡ അഭിഭാഷകന്‍ അറിയിച്ചു. ഇതുസംബന്ധിച്ച ദേവസ്വം ബോര്‍ഡ് സെക്രട്ടറിയോട റിപ്പോര്‍ട്ട തേടി. മകരവിളക്ക് പ്രമാണിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ച് ശബരിമല സ്പെഷല്‍ കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. 12ന് രാവിലെ എട്ടുമുതല്‍ 15ന് ഉച്ചക്ക രണ്ടുവരെ പമ്പയില്‍ വാഹനപാര്‍ക്കിങ്ങും 11 മുതല്‍ 14 വരെ മുക്കുഴി വഴിയുള്ള തീര്‍ഥാടനവും അനുവദിക്കില്ലെന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.