മലപ്പുറം: വഖഫ് ഭേദഗതി ബില്ല് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. തീര്‍ത്തും കെട്ടിച്ചമച്ച നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നത്. സമഗ്രമായ വഖഫ് നിയമം ഇന്ത്യയില്‍ ഉണ്ട്. ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചടക്കാനുള്ള നിയമമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ വഖഫ് നിയമം മാറ്റം കൊണ്ടുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. വഖഫ് വിശ്വാസപരമായ കാര്യമാണ്. ന്യൂനപക്ഷ അവകാശ ധ്വംസനമാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ നടത്തുന്നത്. ഇത് പാസായാല്‍ മുസ്‌ലിം ലീഗ് കോടതിയില്‍ നേരിടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.