കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. തൃക്കോവില്‍ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ട് പോക്‌സോ കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്‌കൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് എട്ടു വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. കുറച്ചു മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. കുട്ടികളുടെ പക്കല്‍ നിന്നും പൊലീസ് രഹസ്യമൊഴി എടുത്തു. ഇതിനുശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്.