തിരുവനന്തപുരം: ഗവേഷക വിദ്യാര്‍ഥിക്ക് നേരെ ജാതി അധിക്ഷേവും നടത്തിയ കേരള സര്‍വകലാശാല സംസ്‌കൃതം വിഭാഗം ഡീന്‍ ഡോ. സി എന്‍ വിജയകുമാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ. അധ്യാപകയുടെ ജാതി വിവേചനവും ഭീഷണിയും മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും പ്രതിഷേധാര്‍ഹവുമാണ്. സര്‍വകലാശാല നിയമങ്ങള്‍ക്ക് അനുസൃതമായാണ് വിദ്യാര്‍ഥി ഗവേഷണം പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച് ആര്‍എസ്എസ് നോമിനിയായ ഡീന്‍ പിഎച്ച്ഡി നല്‍കാന്‍ തടസം നിന്നു.

വിജയകുമാരി സവര്‍ണ്ണ ഫ്യൂഡല്‍ മാടമ്പിയുടെ മനോഭാവത്തോടെ വിദ്യാര്‍ഥിയെ നിരന്തരം ജാതീയമായി പീഡിപ്പിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് മനുവാദത്തില്‍ അധിഷ്ഠിതമായ സവര്‍ണ്ണജാതി ചിന്തകളെ കുടിയിരുത്തുവാനുള്ള ആര്‍എസ്എസ് നീക്കത്തെ പ്രതിരോധിക്കും. ഗവേഷക വിദ്യാര്‍ഥി നേരിട്ട ജാതിവിവേചനത്തെ എസ്എഫ്‌ഐ നേതാവിന്റെ വ്യാജ പിഎച്ച്ഡി ബിരുദ നേട്ടമെന്ന നിലയില്‍ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത് അപലപനീയമാണ്.

വിദ്യാര്‍ഥിക്ക് നേരെ ജാതി അധിക്ഷേപവും ഭീഷണിയും നടത്തിയ ഡോ. സി എന്‍ വിജയകുമാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരമാര്‍ഗങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.