തൃശൂര്‍: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയിൽ. മന്ദലാംകുന്ന് സ്വദേശികളായ കുറുപ്പംവീട്ടില്‍ ചാലില്‍ നൗഷാദ്, അബ്ദുള്‍ കരീം എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടുള്ള ആക്രമണത്തില്‍ മന്ദലാംകുന്ന് എടയൂര്‍ സ്വദേശി കുറുപ്പംവീട്ടില്‍ ചാലില്‍ അലി (56) ക്കാണ് പരിക്കേറ്റത്. അലിയുടെ സഹോദരങ്ങളാണ് ആക്രമണം നടത്തിയ നൗഷാദും അബ്ദുള്‍ കരീമും.

സഹോദരിയെ വീട്ടില്‍ കൊണ്ടുവിടാന്‍ വന്നതായിരുന്നു അലി. അവിടെ വച്ച് കുടുംബ സ്വത്തിനെ ചൊല്ലി നേരത്തെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അലി വന്ന സമയത്ത് സഹോദരങ്ങളുമായി ഇതേ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് വാക്കേറ്റവും ഒടുവിൽ ആക്രമണത്തിലും കാര്യങ്ങൾ എത്തുകയും ചെയ്തു.

ഇരു കൈക്കും സാരമായി പരിക്കേറ്റ അലി ഇപ്പോൾ ചികിത്സയിലാണ്. സംഭവ ദിവസം തന്നെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളുടെ പേരില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്.