കാസര്‍കോട്: കാസര്‍കോട് പൊവ്വലില്‍ അമ്മയെ മകന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. മുളിയാര്‍ പൊവ്വല്‍ ബെഞ്ച്‌കോടതിയിലെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നബീസയുടെ മകന്‍ നാസറിനെ (40) ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ സഹോദരന്‍ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയില്‍ സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. ഗുരുതരമല്ല. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. മകന്‍ നാസറിനെ ആദൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്നു പൊലീസ് വ്യക്തമാക്കി.

അക്രമത്തിനുശേഷം കത്തികാട്ടി സ്ഥലത്തു പരിഭ്രാന്തി സൃഷ്ടിച്ച് ഓടി രക്ഷപ്പെട്ട നാസറിനെ പൊവ്വല്‍ സ്റ്റേറിനു സമീപത്തു വച്ചു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇവര്‍ മൂന്നുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളയില്‍ നിന്ന് നിലവിളി കേട്ട് നോക്കിയ മജീദ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നബീസയെയാണ് കണ്ടത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് മജീദിനു മര്‍ദനമേറ്റത്. വീടിന്റെ അടുക്കളയിലും ഹാളിലും രക്തം തളംകെട്ടി കിടക്കുകയായിരുന്നു. വീട്ടുമുറ്റത്ത് ചിരവ, മണ്‍വെട്ടി, വടി എന്നിവ വലിച്ചെറിഞ്ഞ നിലയിലാണ്. ഇതില്‍ ഏതുകൊണ്ടാണ് അടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഇതിനു ശേഷം കത്തിയും വടിയും കാണിച്ച് നാസര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ അയല്‍വാസികള്‍ക്കു പോലും പെട്ടെന്ന് അങ്ങോട്ടു പോകാന്‍ കഴിഞ്ഞില്ല. ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നബീസ മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, ഡിവൈഎസ്പി വി.വി.മനോജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്കു കൈമാറും. മറ്റുമക്കള്‍:അബ്ദുല്‍ ഖാദര്‍, ഇക്ബാല്‍, ഇര്‍ഫാന, ഇര്‍ഷാന.