- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ കപട ശാസ്ത്രത്തെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു; ശാസ്ത്രം പിന്‍തള്ളപ്പെടുമ്പോള്‍ രാജ്യം പിന്‍തള്ളപ്പെടും; സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സ്പീക്കര്‍
സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കപട ശാസ്ത്രത്തേയും അന്ധവിശ്വാസങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. 38ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര-പാരിസ്ഥിതിക ബോധവത്കരണ കാംപെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള പരിപാടികള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര ബോധത്തെയും വിമര്‍ശനാത്മക ചിന്തയേയും പ്രോത്സാഹിപ്പിക്കണം എന്ന് ഇന്ത്യന്‍ ഭരണഘടന തന്നെ പറയുന്നുണ്ട്. എന്നാല്‍ ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍തന്നെ കപട ശാസ്ത്രത്തെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. ആധുനിക ഇന്ത്യയില്‍ അന്ധവിശ്വാസങ്ങളെയും കപടശാസ്ത്രത്തെയും പ്രോത്സാഹിപ്പിക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുകയാണ്. അതിനെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പിന്‍തുണയ്ക്കുന്നു.
ഗണിതശാസ്ത്രത്തില്‍പോലും അന്ധവിശ്വാസം നിറഞ്ഞ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആധുനിക ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍പ്പോലും ശാസ്ത്ര ബോധം പിന്നോട്ട് പോകുകയാണ്. ശാസ്ത്രം പിന്‍തള്ളപ്പെടുമ്പോള്‍ രാജ്യം പിന്‍തള്ളപ്പെടും. കുട്ടികളില്‍ ജിജ്ഞാസ വളര്‍ത്തണം. ജിജ്ഞാസയുള്ള, ചോദ്യങ്ങള്‍ ചോദിക്കാന്‍ സന്നദ്ധരായ തലമുറ രാജ്യത്ത് വളര്‍ന്നുവരണം. ചോദ്യങ്ങള്‍ ചോദിക്കുന്ന തലമുറക്കേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂവെന്നും സ്പീക്കര്‍ പറഞ്ഞു.
തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ അധ്യക്ഷനായി. കേരള അക്കാദമി ഓഫ് സയന്‍സസ് പ്രസിഡന്റ് ഡോ. ജി.എം. നായര്‍, പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മുന്‍ സിനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മാത്യൂ ഡാന്‍ എന്നിവര്‍ ടെക്‌നിക്കല്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. എ. സാബു, ഡോ. അനില്‍കുമാര്‍.സി (ഇ.ഇ.പി കേരള സംസ്ഥാന കോര്‍ഡിനേറ്റര്‍), ഡോ. കെ.ജി. അജിത്കുമാര്‍ (ഇ.ഇ.പി തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍), സജീവ്കുമാര്‍.എസ്.എ (വൈസ് പ്രിന്‍സിപ്പല്‍, മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) തുടങ്ങിയവര്‍ പങ്കെടുത്തു.




