തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു. നവംബര്‍ ഒന്നിന് പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ അസൗകര്യം പരിഗണിച്ചാണ് തീയതി മാറ്റിയത്. നവംബര്‍ 3-ന് തൃശൂരില്‍ വെച്ച് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ശനിയാഴ്ച നിയമസഭ ചേരുന്നുണ്ട്. തുടര്‍ന്ന് സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനവും നടക്കും. ഇവകൂടി കണക്കിലെടുത്താണ് തീയതിയിലെ മാറ്റം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു.

മികച്ച നടനുള്ള അവസാന റൗണ്ടില്‍ മമ്മൂട്ടിയും ആസിഫ് അലിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 'ഭ്രമയുഗ'ത്തിലെ കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനാക്കുമോ എന്ന് സിനിമാ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. 'കിഷ്‌കിന്ധ കാണ്ഡം', 'ലെവല്‍ ക്രോസ്സ്' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള മത്സര രംഗത്തുണ്ട്. വിജയരാഘവനും ടൊവിനോയും സാധ്യത പട്ടികയിലുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങളുടെയും ഫൈനല്‍ റൗണ്ടില്‍ മമ്മൂട്ടി ഇടം നേടിയിരുന്നു. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 'കാതല്‍' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയും, 53-ാമത് പുരസ്‌കാരത്തില്‍ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയും അദ്ദേഹം അവസാന റൗണ്ട് വരെ എത്തിയിരുന്നു. അന്നത്തെ മത്സരത്തില്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും ഫൈനല്‍ റൗണ്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. 36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിലെത്തിയത്.