കോഴിക്കോട്: നാദാപുരം ചെക്യാട് തെരുവുനായയെ പേടിച്ച് ഓടുന്നതിനിടെ വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. തറവട്ടത്ത് സുബൈദ (58) യുടെ വലതുകാലിന്റെ തുടയെല്ലിനാണ് പൊട്ടലേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

പുളിയാവ് ഒറവ്കണ്ടി പള്ളിക്ക് സമീപത്ത് വെച്ചാണ് സംഭവം. വീടിന് പുറത്തിറങ്ങിയ സുബൈദയുടെ പിന്നാലെ നായ ഓടുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

നാദാപുരം ചെക്യാട് പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണം അനുദിനം വർധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.