- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ വിട്ട് വന്നപാടെ കൂട്ടുകാരുമായി കളിക്കാൻ പോയി; രാത്രിയായിട്ടും കുട്ടിയെ കാണാൻ ഇല്ല; ഒടുവിൽ തിരച്ചിലിനിടെ ദാരുണ കാഴ്ച; കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: ബുധനാഴ്ച വൈകിട്ട് കടലിൽ കളിക്കാൻ പോയതിനിടെ കാണാതായ 11 വയസ്സുകാരനായ വിദ്യാർത്ഥി അഭിഷേകിന്റെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവ് കടൽത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവൽ ലിബി - മഞ്ജു ദമ്പതികളുടെ മകനായ അഭിഷേക്, കെ കെ കുഞ്ചുപിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ബുധനാഴ്ച സ്കൂൾ വിട്ടുവന്ന ശേഷം സുഹൃത്തുക്കളോടൊപ്പം കളിക്കാൻ പോയ അഭിഷേകിനെ രാത്രിയായിട്ടും കാണാതായതിനെത്തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പ്രാഥമിക തിരച്ചിലിൽ കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്തെ കടൽഭിത്തിക്ക് മുകളിൽ നിന്ന് കണ്ടെത്തി. ഇതോടെ, തോട്ടപ്പള്ളി തീരദേശ പോലീസ് ബോട്ടുകളിലും മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളങ്ങളിലും മറ്റ് വള്ളങ്ങളിലുമായി വിപുലമായ തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കുട്ടി കടലിലിറങ്ങിയ സ്ഥലത്തുനിന്ന് തെക്കുഭാഗത്തേക്ക് മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷര, അർപ്പണ എന്നിവർ അഭിഷേകിന്റെ സഹോദരങ്ങളാണ്. രണ്ടു ദിവസത്തെ ആശങ്കകൾക്കും വിപുലമായ തിരച്ചിലിനും ഒടുവിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അഭിഷേകിന്റെ മൃതദേഹം കണ്ടെത്താനായത്.


