പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ എസ്ഐടി പ്രതികളെ സല്യൂട്ട് ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. എസ്ഐടി അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമില്ലെന്നും, അന്വേഷണം നീട്ടിക്കൊണ്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അഡ്വ. സണ്ണി ജോസഫ്. ശബരിമലയില്‍ നിന്നും അപഹരിച്ച സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് കണ്ടെത്തുകയും സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തിട്ടില്ല.

പത്മകുമാറും എന്‍. വാസുവും ജയിലിലാണ്. ഇത്രയും ഗൗരവമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും പാര്‍ട്ടി നടപടി എടുത്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഭയന്ന് സിപിഎം നേതാക്കളാരും ഇപ്പോള്‍ പത്തനം തിട്ടയിലേക്ക് വരുന്നില്ല. ജില്ലാ കമ്മറ്റിയില്‍ കൈയാങ്കളി നടത്തുകയും പാര്‍ട്ടിയെ വെല്ലുവിളിച്ച് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്ത ആളാണ് പത്മകുമാര്‍. അങ്ങനെയെല്ലാം ചെയ്ത പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് കൂടുതല്‍ ഉന്നതരുടെ പേരുകള്‍ പറയും എന്ന ഭയം കൊണ്ടാണ്. ഇന്നലെ ഹൈക്കോടതി പറഞ്ഞതില്‍ നിന്ന് കൂടുതല്‍ ഉന്നതര്‍ ഉണ്ട് എന്ന് വ്യക്തമായി. സ്വര്‍ണ്ണക്കൊള്ള മുന്‍നിര്‍ത്തി സി.പി.എമ്മിനെ ജനങ്ങളുടെ മുന്നില്‍ വിചാരണ ചെയ്യും.

ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്ര വിജയം നേടും. മുഖ്യമന്ത്രി പരാജയം സമ്മതിച്ച് കഴിഞ്ഞു. ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ നിന്നും അത് വ്യക്തമാണ്. സ്വര്‍ണക്കൊള്ള കേസില്‍ ഇ.ഡിയുടെ ഇടപെടല്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണോ എന്നും സംശയമുണ്ട്. മുഖ്യമന്ത്രിയുടെ മകന് ഇ.ഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണെന്നും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.