ന്യൂഡല്‍ഹി: മൂന്ന് വയസ്സുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയില്‍ അമ്മയ്‌ക്കെതിരെ കേരള ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ അമ്മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

മൂന്ന് വയസ്സുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അമ്മ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മംഗലപുരം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി അച്ഛനെതിരെ ആറ്റിങ്ങല്‍ അതിവേഗ കോടതിയിലുണ്ടായിരുന്ന കേസിലെ നടപടികള്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. അമ്മയ്‌ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു.

കേസിനും അന്വേഷണത്തിനുമെതിരെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാള്‍, അഭിഭാഷകന്‍ ലക്ഷ്മീഷ് എസ് കാമത്ത് എന്നിവര്‍ ഹാജരായി.