കോഴിക്കോട്: ട്രെയിൻ യാത്രക്കാർക്ക് ശല്യമായിരുന്ന സ്ഥിരം കവർച്ചക്കാരൻ കോഴിക്കോട് റെയിൽവേ പോലീസിന്റെ പിടിയിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് സിഫിലാണ് (23) ഐഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം കവർച്ച നടത്തിവന്നിരുന്നത്. ഇയാളിൽ നിന്ന് ആപ്പിൾ ഐഫോണും റിയൽമി കമ്പനിയുടെ ഫോണും പിടിച്ചെടുത്തു. കവർച്ച ചെയ്ത മറ്റ് രണ്ട് ലാപ്‌ടോപ്പുകൾ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കേരളത്തിലെ വിവിധ ട്രെയിനുകളിൽ നിന്ന് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സിഫിലെന്ന് പോലീസ് അറിയിച്ചു. കാരയ്ക്കൽ-എറണാകുളം എക്സ്പ്രസിലെ യാത്രക്കാരന്റെ ഐഫോൺ മോഷ്ടിച്ച കേസ്, ബെംഗളൂരുവിൽ വെച്ച് പരിചയപ്പെട്ടയാളുടെ ഫോൺ ട്രെയിൻ യാത്രക്കിടെ കൈക്കലാക്കി കടന്നുകളഞ്ഞ സംഭവം, എറണാകുളം-നിസാമുദ്ദീൻ ട്രെയിനിൽ നിന്ന് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ചത്, പുതുച്ചേരി-മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് കവർന്നത് എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

എറണാകുളം സെൻട്രൽ, ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മുഹമ്മദ് സിഫിലിനെ പിടികൂടിയത്. എസ്‌ഐമാരായ പി കെ ബഷീർ, എം പി അനി, ഡാൻസാഫ് അംഗങ്ങളായ പി ബി ജോസ്, അഖിലേഷ്, സജികുമാർ, ആർപിഎഫ് ഉദ്യോഗസ്ഥരായ എസ്‌ഐ ഷിനോജ് കുമാർ, എഎസ്‌ഐമാരായ ഷിജു, രഞ്ജിത്ത്, രാധാകൃഷ്ണൻ, ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.