കോഴിക്കോട്: താമരശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ നിന്നും ആഭരണം മോഷണം പോയ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. 10 പവൻ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്.

ഷാഫി ഗൾഫിലാണ് ജോലി ചെയ്യുന്നത്. ഭാര്യ സാഹിതയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടിൽ പോയതാണ്. തുടർന്ന് വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണമാണ് മോഷ്ടിച്ചത്.

മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഷാഫിയുടെ കുടുംബം ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണ പോയ സംഭവം മനസ്സിലാകുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.ശേഷം താമരശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.