- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് ദിനത്തിൽ ഗുണ്ടാക്രമണം; ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ക്രിസ്മമസ് ദിനത്തിൽ ബീച്ചിൽ വന്ന സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. പള്ളിത്തുറ സ്വദേശികളായ വിമൽദാസ് (35), ജോജോ (25), അഖിൽ (35) എന്നിവരാണ് തുമ്പ പോലീസിന്റെ വലയിൽ കുടുങ്ങിയത്.
ബുധനാഴ്ച മുൻ വിരോധം പറഞ്ഞുതീർക്കാനെന്ന വ്യാജേന പ്രതികൾ നെഹ്റു ജംഗ്ഷന് സമീപം താമസിക്കുന്ന സഹോദരങ്ങളായ നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി വെട്ടുകത്തിയും വടിവാളുകളും ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ട് കൊണ്ട നെവിനും നിബിനും ആയുധം പിടിച്ചുവാങ്ങി പ്രതികളിലൊരാളായ വിമൽ ദാസിനെ വെട്ടുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുമ്പ എസ്.എച്ച്.ഒ ബിനുവിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ആക്രമണത്തിന് ഉപയോഗിച്ച മരകായുധങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.