ആലപ്പുഴ: കായംകുളത്ത് ട്രെയിനിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണവുമായി സംഘം പിടിയിൽ. സംഭവത്തിൽ മൂന്നു പേരെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കുഴല്പണവുമായി പ്രതികൾ പിടിയിലായത്. ഇവരുടെ 1,10,01,150 രൂപയുടെ കള്ളപ്പണമാണ് കായകുളം പോലീസ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാർ എന്നവരാണ് പിടിയിലായത്.

ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പ്രതികളെ പിടി കൂടിയത്. ട്രെയിൻ മാർഗവും റോഡ് വഴിയും സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലേക്ക് വൻ തോതിൽ കുഴൽപ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

പിടിയിലായ പ്രതികൾ പലതവണ കള്ളപ്പണം കടത്തിയിട്ടുണ്ടെന്ന് പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. എന്നാൽ ഇത് ആദ്യമായാണ് ഇവർ പിടിക്കപ്പെടുന്നതെന്നും പോലീസ് പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതാണ് പ്രതികൾ. കഴിഞ്ഞ ഒരു വർഷമായി ഇവർ കള്ളപ്പണം കടത്തുന്നുണ്ട്.

മാസത്തിൽ രണ്ടും മൂന്നും തവണ ബാംഗ്ലൂർ,കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വൻതോതിൽ കള്ളപ്പണം സംസ്ഥനത്തേക്ക കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവരുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.