- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്ഷാപ്രവര്‍ത്തകര്‍ എവിടെയാണ് അപ്പിയിടുന്നത്? ഭക്ഷണം നല്‍കുന്നതിനെ പറ്റി വിവാദം; മുന്‍കൂട്ടി പദ്ധതികള്‍ ഇല്ലാത്തത് കൊണ്ടെന്ന് തുമ്മാരുകുടി
രക്ഷാപ്രവര്‍ത്തകര്‍ എവിടെയാണ് അപ്പിയിടുന്നത്? ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ പറ്റി വിവാദം കാണുന്നു. മുന്‍കൂട്ടി പദ്ധതികള്‍ ഇല്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്.
വന്‍ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പതിനായിരക്കണക്കിന് ആളുകള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് അവിടെ എത്തുന്നത്. ഉദാഹരണത്തിന് ഹെയ്തിയില്‍ ദുരന്തം ഉണ്ടായപ്പോള്‍ മൂന്ന് ദിവസത്തിനകം ആയിരത്തി നാനൂറ് സംഘടനകള്‍ ആണ് അവിടെ എത്തിയത്. ഒരു സംഘടനയില്‍ ശരാശരി പത്തുപേര്‍ എന്ന് പറഞ്ഞാല്‍ തന്നെ പതിനാലായിരം ആളായി.
ഇവര്‍ക്ക് ആര് ഭക്ഷണം നല്‍കും, ഇവര്‍ എവിടെ ഉറങ്ങും ?, എവിടെ അപ്പിയിടും? കുളിക്കും?. ഇവരുടെ സുരക്ഷ ആര് നോക്കും. ഇതൊക്കെ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?. സത്യത്തില്‍ കേരളത്തില്‍ ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ഉള്ള സ്ഥലത്ത് ഇവര്‍ എവിടെയാണ് താമസിക്കുന്നത്, ടോയ്ലറ്റില് പോകുന്നത് എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്.
ഇക്കാര്യങ്ങളും നമ്മള് ശ്രദ്ധിക്കണം, കാരണം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും മനുഷ്യരാണ്. രക്ഷാപ്രവര്ത്തനനം നടത്തുമ്പോള്‍ നമ്മള് അതിമാനുഷര്‍ ആണെന്നൊക്കെ തോന്നും. മറ്റുള്ളവരുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ നമ്മളുടെ ബുദ്ധിമുട്ട് ഒന്നും അല്ല എന്നും തോന്നും. എന്നാലും ദിവസത്തില്‍ പന്ത്രണ്ട് മണിക്കൂറിനപ്പുറം തുടര്‍ച്ചയായി ജോലി എടുക്കുന്നത് നമ്മുടെ ആരോഗ്യത്തെയും ജഡ്ജ്മെന്റിനെയും ബാധിക്കും.
രക്ഷാപ്രവര്‍ത്തനത്തില്‍ കാണുന്ന ദൃശ്യങ്ങള്‍ മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. നമ്മള് അത് അറിഞ്ഞില്ല എന്ന് വരും. അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകരെ ശ്രദ്ധിക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഉള്ളത്. അവര്‍ക്കും ഭക്ഷണവും, താമസവും ടോയ്ലറ്റും, വെള്ളവും ഒക്കെ വേണം. അതേ സമയം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ ഒക്കെ നാട്ടുകാരോട് താമസസ്ഥലവും ഭക്ഷണവും ടോയ്ലറ്റും ഒക്കെ ആവശ്യപ്പെട്ടാല്‍ അത് രക്ഷിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവില്ലേ?
ഇത് ഒരു പുതിയ പ്രശ്നമല്ല. ലോകം ആദ്യമായിട്ടല്ല ഒരു ദുരന്തത്തെ നേരിടുന്നത്. അതുകൊണ്ട് തന്നെ അതിനുള്ള സംവിധാനങ്ങളും ഉണ്ട്.
ഉദാഹരണത്തിന് ഹെയ്തിയിലെ കാര്യം എടുക്കാം. ഒരു കോടി ജനസംഖ്യ ഉള്ള രാജ്യം ആണ് ഹെയ്തി അവിടെ ഉണ്ടായ ദുരന്തത്തില്‍ രണ്ടുലക്ഷത്തി അമ്പതിനായിരം വീടുകള്‍ പൂര്‍ണ്ണമായി നശിച്ചു. ഇരുപത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ക്യാമ്പില്‍ ആയി.അവരെ സഹായിക്കാന്‍ പതിനയ്യായിരം രക്ഷാപ്രവര്‍ത്തകര്‍ ലോകത്തെവിടെ നിന്നും എത്തി.
ഈ എത്തുന്ന ആളുകള്‍ ആ നാട്ടില്‍ നിന്നും ഭക്ഷണം കണ്ടെത്താന്‍ നോക്കിയാല്‍ നാട്ടുകാര്‍ക്ക് ഉള്ളത് തന്നെ കിട്ടാതാകും, വില കൂടും.
അവര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തേണ്ടി വന്നാല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് അത്രയും സ്ഥലം കുറയും. അതുകൊണ്ടാണ് ഒന്നാമത്തെ നിയമം. കൃത്യമായി ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ അറിവുള്ളവര്‍ വന്നാല്‍ മതി.
രണ്ടാമത്തെ നിയമം രക്ഷാ പ്രവര്‍ത്തനത്തിന് വരുന്നവര്‍ കിടക്കാനുള്ള റെന്റ്, സ്ലീപ്പിങ് ബാഗ്, ടോയ്ലറ്ററീസ്, മൂന്നു ദിവസത്തേക്കുള്ള വെള്ളം, ഭക്ഷണം ഇതൊക്കെ കൊണ്ടുവരണം. രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നവര്‍ സാധാരണ ബിരിയാണിയും ചോറും അല്ല കഴിക്കുന്നത്. അതിന് വേണ്ടി തന്നെ കുറച്ചു നാള് കേടാവാതെ സൂക്ഷിച്ചു വക്കുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. Meals Ready to Eat (MRE) എന്നാണ് ഇതിന് പൊതുവെ പറയുന്നത്. യുദ്ധത്തിന് പോകുന്ന ആര്‍മിക്കാര്‍ക്കൊക്കെ കൊടുത്തുവിടുന്ന അതേ സാധനമാണ്. അധികം ടോയ്ലറ്റ് വേണ്ടിവരില്ല എന്നൊരു ഗുണം കൂടി ഉണ്ട് !
ഹെയ്തിയില്‍ സുരക്ഷയുടെ ഒരു വിഷയം കൂടി ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഒക്കെ യു എന്നിന്റെ ലോജിസ്റ്റിക് ബേസില്‍ ആണ് താമസിച്ചിരുന്നത്. താമസം എന്നാല്‍ ഒന്നുകില്‍ ടെന്റില്‍, അല്ലെങ്കില്‍ സ്ലീപ്പിങ് ബാഗില്‍, ഞാന്‍ ഒരു ജീപ്പില്‍ ഇരുന്നാണ് ഉറങ്ങിയത്, സ്ലീപ്പിങ് ബാഗും ടെന്റും അതില്ലാത്തവര്‍ക്ക് കൊടുത്തു.
മൂന്നു ദിവസത്തെ ഭക്ഷണം കൊണ്ടുവരണം എന്ന് പറഞ്ഞാലും എല്ലാവരും അത് പാലിക്കില്ല. അവിടെ യു എന്‍ സമാധാന സേനക്ക് വേണ്ടി ലോജിസ്റ്റിക്സ് കൈകാര്യം ചെയ്ത ഒരു മലയാളി സംഘമാണ് അവര്‍ക്കെല്ലാം വേണ്ട ഭക്ഷണം ഒരുക്കിയത്. ജോസ് ചാക്കോ, അനന്തന്, ജെയ്, മാര്ട്ടിന് ഇവരൊക്കെ ആയിരുന്നു അതിന് മുന്‍കൈ എടുത്തിരുന്നത്. ഈ ലേഖനം അവര്‍ വായിക്കുന്നുണ്ടെങ്കില്‍ അവര്‍ അനുഭവം പറയും.
ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്ക്കുന്ന രക്ഷാപ്രവര്‍ത്തനം ആണെങ്കില്‍ ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ മറ്റൊരു അറേഞ്ച്മെന്റ് ഉണ്ട്. സ്വീഡനിലെയും സിംഗപ്പൂരിലെയും സിവില്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ലോകത്തെവിടെയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ക്യാമ്പുകള്‍ ഒരുക്കും. അവരുടെ ആര്‍മിയുടെ ക്യാമ്പ് പോലെയാണ്. ബങ്ക് ബെഡ്, കുളിക്കാനും ടോയ്ലറ്റില് പോകാനുമുള്ള സൗകര്യം, ചൂടുള്ള ഭക്ഷണം, ഇതൊക്കെ അവര്‍ റെഡി ആക്കും. ഹൈറ്റിയില്‍ സ്വീഡനില്‍ നിന്നുള്ള സംഘം ആണ് ക്യാംപ് ഉണ്ടാക്കിയത്. ഒരാഴ്ച കുളിക്കാതെ, കാറില്‍ കിടന്ന് ഉറങ്ങിയതിന് ശേഷം കുളിച്ച് ബെഡില്‍ കിടന്നു കഴിയുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജം നിസ്സാരമല്ല. (ഒരാഴ്ചക്കകം ഞാന്‍ മലയാളി സംഘത്തിലേക്ക് മാറുകയും അവരുടെ അതിഥിയായി രണ്ടുമാസം താമസിക്കുകയും എന്റെ സീറ്റ് കൂടുതല്‍ ആവശ്യമുള്ള മറ്റുള്ളവര്‍ക്ക് കൊടുക്കുകയും ചെയ്ത കഥ പണ്ട് പറഞ്ഞിട്ടുണ്ട്, അവര്‍ക്ക് വീണ്ടും നന്ദി).
കേരളം രക്ഷാപ്രവര്‍ത്തനത്തില്‍ മറ്റൊരു ലെവലിലേക്ക് മാറുകയാണ്. നിര്‍ഭാഗ്യവശാല്‍ ദുരന്തങ്ങള്‍ നമ്മുടെ സഹചാരി ആയിരിക്കുന്നു.
അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് മിനിമം പരിശീലനം, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍, രക്ഷാ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ക്ക് ചില സ്റ്റാന്‍ഡേര്‍ഡുകള്‍, രെജിസ്ട്രേഷന്, കമ്മ്യൂണിക്കേഷന്‍, കോഓര്‍ഡിനേഷന്‍ പ്രോട്ടോക്കോള്‍ ഒക്കെ വരാന്‍ സമയമായി.
അതോടൊപ്പം രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട ഭക്ഷണം, താമസം, അവരുടെ ആരോഗ്യ കാര്യങ്ങള്‍, മാനസിക ആരോഗ്യം, ഒക്കെ നോക്കാന്‍ മറ്റൊരു ലെവലില്‍ ഉള്ള സംഘങ്ങളുടെ ആവശ്യവും വന്നിരിക്കുന്നു. ഇക്കാര്യത്തില്‍ മത്സരമല്ല ഏകോപനം ആണ് വേണ്ടത്. നമ്മുടെ സമൂഹത്തിന് എളുപ്പത്തില്‍ സാധിക്കുന്നതാണ്. അല്പം പ്ലാന്‍ ചെയ്താല്‍ മാത്രം മത