- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയില്‍വേയുടെ വ്യാജരേഖ ചമച്ച് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
റെയില്‍വേയുടെ വ്യാജരേഖ ചമച്ച് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
തലശ്ശേരി: റെയില്‍വേയുടെ വ്യാജരേഖ ചമച്ച് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം കക്കോട് ശ്രുതിലയത്തില്‍ ശരത് എസ്.ശിവന്‍ (34), തിരുവനന്തപുരം മലയിന്‍കീഴ് വിവേകാനന്ദ നഗര്‍ അനിഴത്തില്‍ കെ.എല്‍.ഗീതാറാണി എന്ന ഗീതാ രാജഗോപാല്‍ (65) എന്നിവരെയാണ് തലശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജയേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്നാംപ്രതി ഗീതാറാണിയെ കൊല്ലം ജില്ലയിലെ ഓച്ചിറ കുതിരപ്പന്തി തഴുവയിലുള്ള വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. രണ്ടാംപ്രതി ശരത്തിനെ കൊച്ചി കടവന്ത്രയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. ശരത് ഉപയോഗിച്ചിരുന്ന ആഡംബര കാര്‍, വ്യാജ സീല്‍, സീല്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍, ലാപ്പ്ടോപ്പ്, പ്രിന്റര്‍, ടാബ്, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കസ്റ്റഡിയിലെടുത്തു. ശരത്തിനെതിരെ ആറു കേസും ഗീതാറാണിക്കെതിരെ ഒന്‍പത് കേസും നിലവിലുണ്ട്.
ശരത്തിനെതിരെ ചക്കരക്കല്ല് പോലീസ് സ്റ്റേഷനില്‍ മൂന്നും പയ്യന്നൂര്‍ സ്റ്റേഷനില്‍ രണ്ടും പിണറായി സ്റ്റേഷനിലുമാണ് കേസുള്ളത്. ഗീതാറാണിക്കെതിരെ ചവറയില്‍ മൂന്നും ഏനത്ത്, തൃശ്ശൂര്‍ വെസ്റ്റ്, കരുനാഗപ്പള്ളി, മണ്ണൂത്തി, ചക്കരക്കല്ല് എന്നിവിടങ്ങളിലും കേസുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ 18 പേര്‍ പല ഏജന്റുമാര്‍ മുഖേന തട്ടിപ്പിനിരയായിട്ടുണ്ട്.
തലശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ചൊക്ലിയിലെ ശശി റിമാന്‍ഡിലാണ്. മൂന്നുപ്രതികളും പരസ്പരം സഹായികളായി പ്രവര്‍ത്തിച്ച് തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. റെയില്‍വേയില്‍ കൊമേഴ്ഷ്യല്‍ ക്ലാര്‍ക്കിന്റെ ജോലി വാഗ്ദാനംചെയ്ത് 2024 നവംബര്‍ 17-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആറുലക്ഷം രൂപയും മറ്റ് സ്ഥലങ്ങളില്‍വെച്ച് രണ്ടുപേരില്‍നിന്ന് 36 ലക്ഷം രൂപയും കൈക്കലാക്കി പണമോ ജോലിയോ നല്‍കാതെ വിശ്വാസവഞ്ചനയും ചതിയും ചെയ്തതായാണ് പരാതി. റെയില്‍വേയില്‍ കൊറോണക്കാലത്തുള്ള ഒഴിവില്‍ നിയമനം നടത്തുന്നുണ്ടെന്ന് പറഞ്ഞ് ഒന്നാംപ്രതി ശശി സതേണ്‍ റെയില്‍വേയുടെ ലൈസന്‍സ്ഡ് ഏജന്റാണെന്നുള്ള വ്യാജരേഖ പരാതിക്കാരനെ കാണിച്ചാണ് ആദ്യം പണം വാങ്ങിയത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതി നേരത്തേ തള്ളിയിരുന്നു. തലശ്ശേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.നിഹില്‍, എ.എസ്.ഐ. കനകം, ഹിരണ്‍, ശ്രീലാല്‍, വിജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.