- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈക്കത്തെ തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്തു; പെരിയാറിന്റെ സഹവര്‍ത്തിത്വവും സഹകരണവും തുടര്‍ന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്നാടുമെന്ന് പിണറായി വിജയന്‍
വൈക്കത്തെ തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്തു
കോട്ടയം: വൈക്കത്ത് നവീകരിച്ച തന്തൈപെരിയാര്‍ സ്മാരകവും പെരിയാര്‍ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ തമിഴ്‌നാടും തമിഴ്‌നാടിന്റെ പ്രശ്‌നങ്ങളില്‍ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
വാക്കുകളില്‍ ഒതുങ്ങുന്നതല്ല പ്രവൃത്തിയില്‍ വെളിവാകുന്ന സഹകരണമാണിത്. സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു മേല്‍, നിരന്തര കൈ കടത്തലുകള്‍ ഉണ്ടാവുന്ന ഈ ഘട്ടത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളുടെ ഇടയില്‍ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിര്‍വരമ്പുകള്‍ക്കതീതമായ സഹവര്‍ത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തില്‍ നമ്മള്‍ കണ്ടത്. ആ സഹവര്‍ത്തിത്വവും സഹകരണവും തുടര്‍ന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്‌നാടും ചെയ്യുന്നത്. പെരിയാര്‍ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള സഹകരണം കേരളവും തമിഴ്‌നാടും മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല.
പെരിയാര്‍ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വരും കാലങ്ങളില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ മുന്‍നിരയിലാണ് പെരിയാര്‍ എന്ന ഇ വി രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ശ്രീനാരായണനെ കേരളീയരാകെ ആദരവോടെ ഗുരു എന്നു വിളിക്കുന്നതുപോലെ തന്നെ ഇ വി ആറെ തമിഴരാകെ ആദരവോടെ പെരിയാര്‍ എന്നു വിളിക്കുന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണര്‍ക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി നടന്ന സത്യഗ്രഹത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പെരിയാര്‍. നടക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നത് മലയാളികളുടെ മാത്രം പ്രശ്‌നമായി ചുരുക്കി കാണുകയല്ല, രാജ്യത്തിന്റെ ജനങ്ങളുടെയാകെ പ്രശ്‌നമായാണ് പെരിയാറും മറ്റും നേതാക്കളും കണ്ടത്. 1924 ഏപ്രില്‍ 13 ന് പെരിയാര്‍ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അതോടെ ജനസാഗരം തന്നെ വൈക്കത്തേക്ക് ഒഴുകിയെത്തി. തിരുവിതാംകൂര്‍ ഭരണസംവിധാനത്തിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് അരുക്കുറ്റിയിലെ ജയിലിലാക്കി. അതറിഞ്ഞയുടന്‍ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി. സ്ത്രീകളെ പങ്കെടുപ്പിച്ച് അവര്‍ സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി.
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനും അവര്‍ സ്വന്തം നിലയ്ക്ക് ഭര്‍ത്താക്കന്മാരെ തെരഞ്ഞെടുക്കാനും വിവാഹമോചനം നേടാനും പെരിയാര്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ചരിത്രപരമായിരുന്നു. പെരിയാറിന്റെ അത്തരം ഇടപെടലുകളിലെല്ലാം തുല്യ പങ്കാളിയായിരുന്നു നാഗമ്മ. ആ പങ്കാളിത്തം വൈക്കത്തും കാണാന്‍ കഴിയും. അരുക്കുറ്റിയില്‍ നിന്ന് ജയില്‍ മോചിതനായ പെരിയാര്‍ വീണ്ടും സത്യഗ്രഹത്തില്‍ സജീവമായതോടെ ഭരണകൂടം അദ്ദേഹത്തിന് ദേശഭ്രഷ്ട് കല്‍പിച്ചു. ഉത്തരവ് പെരിയാര്‍ ലംഘിച്ചതോടെ തിരുവിതാംകൂര്‍ ഭരണകൂടം അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ് പിന്നീട് പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പത്. ഈ വിധത്തില്‍ ത്യാഗ്വോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങളിലെയും മന്ത്രിമാരടക്കമുള്ള നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിര്‍ത്തി വൈക്കം തന്തൈ പെരിയാര്‍ സ്മാരകവും പെരിയാര്‍ ഗ്രന്ഥശാലയും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് നാടിനു സമര്‍പ്പിച്ചു. വൈക്കം പുരസ്‌കാരം ജേതാവ് കന്നട എഴുത്തുകാരന്‍ ദേവനൂര മഹാദേവനെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആദരിച്ചു. ദ്രാവിഡ കഴക അധ്യക്ഷന്‍ കെ വീരമണി വിശിഷ്ടാഥിതിയായി. സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാന്‍, തമിഴ്നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകന്‍, തമിഴ്നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ വി വേലു, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ വകുപ്പുമന്ത്രി എം പി സ്വാമിനാഥന്‍, അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി, സി കെ ആശ എംഎല്‍എ, സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തമിഴ്നാട് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എന്‍ മുരുകാനന്ദം, ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാര്‍ഥം വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിച്ചിരുന്നു.