- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മദ്രസഹാള്‍ വിട്ടുനല്‍കി: മന്ത്രി വീണ ജോര്‍ജ്ജ്
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മദ്രസഹാള്‍ വിട്ടുനല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചുളിക്ക മദ്രസ ഹാളാണ് ഇത്തരത്തില്‍ വിട്ടുനല്‍കിയതെന്നും ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോര്‍ട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇതുകൂടാതെ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് ദേശീയ-അന്തര്‍ദേശീയ ഗൈഡ്‌ലൈന്‍ പ്രകാരം മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നിരുന്നു. എന്നാല്‍, 189 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടി. 225 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജി.ഒ.സി) മേജര്‍ ജനറല്‍ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു.