തൃശൂര്‍: തൃശ്ശൂര്‍ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് തൃശൂര്‍ എസ്സി, എസ്ടി കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

പൊലീസുകാര്‍ മര്‍ദ്ദിച്ചിരുന്നതായി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ ടി.പി.ശ്രീജിത്ത്, കെ.സാജന്‍ എന്നിവര്‍ വിനായകനെ മര്‍ദ്ദിച്ചെന്നാണ് പറഞ്ഞിരുന്നത്. അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍, പട്ടികജാതിവര്‍ഗ അതിക്രമം തടയല്‍ നിയമം ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രേരണാക്കുറ്റം ചുമത്തിയിരുന്നില്ല. രണ്ടു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

പിന്നാലെയാണ് വിനായകന്റെ പിതാവ് ഹര്‍ജി നല്‍കിയത്.2017 ജൂലായ് 17നാണ് വിനായകനെ പാവറട്ടിയില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനായകനെ കസ്റ്റഡിയിലെടുത്ത സ്ഥലത്ത് മാല മോഷണം നടന്നിരുന്നു. ജൂലായ് 18നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ വിനായകനെ കണ്ടെത്തുന്നത്.