തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. തുറമുഖം പ്രവര്‍ത്തന സജ്ജമാകുകയാണ്. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്ത് എത്തും. മദര്‍ഷിപ്പിന് വന്‍സ്വീകരണം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ പടിയായാണ് മദര്‍ഷിപ്പ് തുറമുഖത്ത് എത്തുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ചരക്കുകപ്പല്‍ വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയായി വരുന്നത്.

12ന് മദര്‍ഷിപ്പിനെ സ്വീകരിക്കാന്‍ വിപുലമായ പരിപാടിയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അടക്കം നിരവധിപ്പേര്‍ മദര്‍ഷിപ്പിനെ സ്വീകരിക്കാന്‍ വിഴിഞ്ഞത്ത് എത്തും. ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ചരക്കുനീക്കത്തിന്റെ തുടക്കത്തില്‍ മദര്‍ഷിപ്പില്‍ നിന്ന് ചെറിയ കണ്ടെയ്നര്‍ ഷിപ്പുകളിലേക്ക് മാറ്റി ചരക്ക് തുറമുഖത്ത് എത്തിക്കാനാണ് പദ്ധതി. തിരിച്ചും സമാനമായ നിലയില്‍ ചരക്കുനീക്കം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായ കപ്പല്‍ചാലിനോട് ഏറ്റവും അടുത്തുകിടക്കുന്ന തുറമുഖം എന്നതാണ് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.