- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; പുനരധിവാസത്തിന് മുന്‍ഗണന; കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുംരക്ഷാപ്രവര്ത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവന് രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമേഖലയിലും ചാലിയാറിലും തിരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വിവിധയിടങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി. ജീവന്റെ തുടിപ്പുണ്ടോ എന്നറിയാന്‍ ഹ്യൂമന്‍ റെസ്ക്യൂ റഡാറും വിന്യസിച്ചിട്ടുണ്ട്. 16 അടി താഴ്ചയില്‍ വരെയുള്ള സാന്നിധ്യം കണ്ടെത്താന്‍ കഴിയും. ചെളിയില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡല്‍ഹിയില്‍നിന്ന് ഡ്രോണ്‍ ബെയ്സ്ഡ് റഡാര്‍ എത്തിക്കും.
നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ്. 67 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിയാതെ കണ്ടെത്തിയത്. സര്‍വമത പ്രാര്‍ഥനയോടെ ഈ മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സംസ്കരിക്കും. ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകളും 98 പുരുഷന്മാരും. 30 കുട്ടികളും മരിച്ചു. 148 മൃതദേഹങ്ങള്‍ കൈമാറി. 206 പേരെ കണ്ടെത്താനുണ്ട്. 81 പേര് പരുക്കേറ്റ് ചികിത്സയിലാണ്. വയനാട്ടില്‍ 93 ക്യാംപുകളിലായി 10042 പേര് താമസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍
ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ചൂരല്‍മലയില്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്കാന് ധാരാളം പേര് മുന്നോട്ടുവരുന്നുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയിച്ചിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. അദ്ദേഹത്തെ നേരിട്ടു വിളിച്ച് നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാര്‍മല സ്കൂളില്‍ പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തി ഏകോപിപ്പിക്കും. പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ പ്രധാനകാരണം കാലാവസ്ഥാ വ്യതിയാനമാണ്. അതിതീവ്രമഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. കേന്ദ്രകാലാവസ്ഥാ വകുപ്പ്, കേന്ദ്ര ജലകമ്മിഷന്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് മുന്നറിയിപ്പു നല്‍കുന്നത്. ഇക്കാര്യത്തില്‍ കാലഘട്ടത്തിന് യോജിച്ച മാറ്റങ്ങള്‍ വരുത്താന്‍ എല്ലാവരും തയാറാകണം. വയനാട്ടിലെ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. തീവ്രമഴ സംബന്ധിച്ച് കേരളാ മോഡല്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കാന്‍ കോട്ടയത്തെ കാലാവസ്ഥാ പഠന കേന്ദ്രത്തോട് ആവശ്യപ്പെടും. അതിനുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിന് ലഭ്യമാക്കും.
തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്കരിക്കും.
സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തും.
വെള്ളാര്‍മല സ്കൂള്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ പഠനത്തിന് ബദല്‍ സംവിധാനം ഒരുക്കും.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാന്‍ ധന സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും.
ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധി ക്യു ആര് കോഡ് മരവിപ്പിച്ചു. പകരം നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി.
എ.ഗീതയുടെ കീഴില്‍ ഹെല്പ് ഫോര്‍ വയനാട് സെല്‍ രൂപീകരിച്ചു. ഇമെയില്‍ - letushelpwayand@gmail.com. ഫോണ്‍ -
9188940013,9188940014, 9188940015.