അടിമാലി: മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടാനയും കാട്ടുപോത്തുകളുടെ കൂട്ടവും ഭീതി പരത്തുന്നു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിനോട് ചേർന്ന് ഇറങ്ങിയ 'പടയപ്പ' എന്ന കാട്ടാന മണിക്കൂറുകളോളമാണ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.

മാട്ടുപ്പെട്ടി ആർ & ഡി എസ്റ്റേറ്റിന് സമീപം പാതയോരത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ പടയപ്പയുടെ പരാക്രമത്തിൽ തകർന്നു. തുടർന്ന് വനത്തിലേക്ക് തിരികെ പോയ ആന വീണ്ടും തിരിച്ചെത്തി ജനവാസമേഖലയിൽ തുടരുകയായിരുന്നു. ഒരാഴ്ചയായി ഈ മേഖലയിൽ തുടരുന്ന ആന ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

ഇതിനിടെ, വൈകീട്ട് ഏഴ് മണിയോടെ മൂന്നാർ കുറ്റിയാർ വാലി റോഡിൽ അഞ്ചോളം കാട്ടുപോത്തുകളും ഇറങ്ങി. റോഡ് മുറിച്ചു കടന്നെത്തിയ കാട്ടുപോത്ത് കൂട്ടം രാത്രി വൈകിയും ജനവാസമേഖലയിൽ തന്നെ നിലയുറപ്പിച്ചത് പ്രദേശവാസികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചു.