- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ; കാട്ടാന ശല്യത്തിന് പരിഹാരം ആകാതെ കാട്ടാനയെ പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍
കൊച്ചി: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ശല്യം. കോട്ടപ്പടിയില്‍ വീട്ടിലെ കിണറ്റില്‍ കുട്ടിയാന വീണു. കോട്ടപ്പടി വടക്കുവശത്തുള്ള വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റിലാണ് കുട്ടിയാന വീണത്. 10 വയസ്സുള്ള കൊമ്പനെയാണ് കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് കിണറ്റില്‍ വീണത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്.
സ്ഥലം സ്ഥിരമായി കാട്ടാന ശല്യമനുഭവിക്കുന്ന മേഖലയാണ്. നേരത്തെയും ഇവിടെ അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു. അന്ന് പിടികൂടാമെന്ന് ഉറപ്പുനല്‍കി നാട്ടുകാരെ മാറ്റിനിര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെങ്കിലും പിന്നീട് ആനയെ പിടികൂടാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വന്യജീവി ശല്യത്തിന് സ്ഥിരപരിഹാരമുണ്ടാക്കാതെ ഈ തവണയും കാട്ടാനയെ പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സംഭവം വ്യാപക ചര്‍ച്ചയാകുമ്പോള്‍ വനവകുപ്പ് നടപടിയെടുക്കുമോ എന്നത് ശ്രദ്ധേയമാണ്.