കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കടവന്ത്ര ആവേ മരിയ അസോസിയേറ്റ്‌സിലെ ഓഫിസ് ഇന്‍ ചാര്‍ജ് ഇടുക്കി അയ്യപ്പന്‍ കോവില്‍ ചെറുനാരകത്തു വീട്ടില്‍ സി.എം.അമ്പിളിയാണ് (40) അറസ്റ്റിലായത്. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ കെയര്‍ ഗിവര്‍ ജോലിക്കുള്ള വീസ നല്‍കാമെന്നു വാഗ്ദാനം നല്‍കി കുറുപ്പംപടി സ്വദേശിയില്‍ നിന്നു നാലു ലക്ഷം തട്ടിയെടുത്ത കേസിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ ഒട്ടേറെ പേരില്‍ നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയെന്നാണു പൊലീസിന്റെ നിഗമനം. കേസിലെ ഒന്നാം പ്രതി, സ്ഥാപന ഉടമ കോട്ടയം എരുമേലി സ്വദേശി ഷിന്റോ സെബാസ്റ്റ്യന്‍ ഒളിവിലാണ്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണു പ്രതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പിടിയിലായ അമ്പിളിയാണ് ഇരകളില്‍ നിന്നു പണം വാങ്ങിയ ശേഷം അതു പ്രധാന പ്രതി ഷിന്റോയുടെ അക്കൗണ്ടിലേക്കു കൈമാറിയിരുന്നത്. സൗത്ത് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ 4 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം സ്റ്റേഷനിലും സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു.