തിരൂര്‍: ലഹരിവസ്തു നല്‍കി വിദ്യാര്‍ഥിയെ ഭര്‍ത്താവിന്റെ അറിവോടെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവതിയെ തിരൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനീഷ് അറസ്റ്റുചെയ്തു. ഭര്‍ത്താവിന്റെ പേരിലും പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യയും പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനി സ്വദേശിയുമായ സത്യഭാമ (30)യെയാണ് തിരൂര്‍ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തത്. 2021-മുതലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥിയെ ലഹരിവസ്തുനല്‍കി യുവതി പീഡിപ്പിക്കുകയും ഭര്‍ത്താവ് സാബിക്ക് കൂട്ടുനിന്നൂവെന്നുമാണ് പരാതി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.