തുറവൂര്‍: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ മരിച്ച നിലയിൽ. തുറവൂര്‍ വളമംഗലം നന്ദനത്തില്‍ പരേതനായ മേനോവീട്ടില്‍ വാസുദേവന്‍ പിള്ളയുടെ മകന്‍ രജിത്ത് കുമാര്‍ (47) ആണ് അപകടത്തിൽ മരിച്ചത്. ദേശീയപാതയില്‍ പുത്തന്‍ചന്തയ്ക്കു സമീപം വെള്ളിയാഴ്ച രാത്രിയായിരിന്നു അപകടം നടന്നത്.

കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസ് പേട്ട , തൃപ്പൂണിത്തറയില്‍ നിന്ന്‌ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ടാങ്കര്‍ ലോറിയില്‍ തന്നെ മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന്‍ ടയറിനിടയില്‍പ്പെടുകയായിരുന്നു.

ഉടനെ ലോറിയുടെ പിന്‍ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി രജിത്ത് തല്‍ക്ഷണം മരിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.