കറ്റാനം: ചെങ്ങന്നൂർ സ്വദേശിനി ടിൻസി പി തോമസ് (37) ആണ് കറ്റാനത്ത് നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന് കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു ദാരുണമായ സംഭവം. ടിൻസി സഞ്ചരിച്ച സ്കൂട്ടറിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ടിൻസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മാവേലിക്കരയിലുള്ള മക്കളെ സ്കൂളിൽ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുന്ന വഴിയാണ് ടിൻസിക്ക് അപകടം സംഭവിച്ചത്.

കഴിഞ്ഞ എട്ടുവർഷമായി കുടുംബത്തോടൊപ്പം മാവേലിക്കര കല്ലുമലയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ടിൻസി. ഭർത്താവ് മോൻസി മാവേലിക്കര ഇൻഡസ് ഷോറൂമിൽ ജീവനക്കാരനാണ്. ഹെയ്ഡൻ മോൻസി, ഹെയ്സൽ മോൻസി എന്നിവരാണ് മക്കൾ. സംഭവത്തിൽ കുറത്തികാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.