കാലം 1993 ജൂലൈ. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനെക്കുറിച്ചും, വിഎഫ്എഫ്ക്സിനെക്കുറിച്ചുമൊന്നും അന്ന് ഇന്ത്യന്‍ സിനിമ കേട്ടിട്ടുപോലുമില്ല. അപ്പോഴിതാ ചടുലമായ പാട്ടുകളും ആക്ഷനുമായി ഒരു തമിഴ് സിനിമ ഇന്ത്യയൊട്ടാകെ തരംഗമാവുന്നു. അതാണ് മലയാളിയായ കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ച ജെന്റില്‍ മാന്‍. നടി ഗൗതമിയും പ്രഭുദേവയും തകര്‍ത്താടിയ 'ചിക്ക്ബുക്ക് ചിക്കുബുക്ക് റെയിലെ' എന്ന ഗാനത്തിന്റെ ചിത്രീകരവും അമ്പരിപ്പിക്കുന്നതായിരുന്നു. എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുന്ന ഗാനം പിന്നീട് ഓടുന്ന ഒരു ട്രെയിനിലേക്ക് മാറുകയാണ്. സാങ്കേതിക വിദ്യകളുടെ പരിമിതികളുടെ കാലത്താണ് ഒരു സംഘം ഡാന്‍സേഴ്സ ഓടുന്ന ട്രെയിനില്‍ തകര്‍ക്കുന്നത്. തുടര്‍ന്ന് സീനില്‍വരുന്ന ആനിമേറ്റഡ് കണ്ണുനീരുകളും അമ്പുമെല്ലാം അക്കാലത്ത് ഏറെ കൗതുകമായിരുന്നു. അങ്ങനെയാണ് ആ ഡയറക്ടറുടെ പേര് ശ്രദ്ധിക്കുകന്നത്. ശങ്കര്‍ ഷണ്‍മുഖം എന്ന പുതുമുഖം.

ജന്റില്‍മാന്‍ വലിയ വിജയമായതോടെ ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രഭുദേവയെ നായകനാക്കി, അയാള്‍ കാതലന്‍ ഒരുക്കി. അതും സൂപ്പര്‍ ഹിറ്റായി. പിന്നീട് അങ്ങോട്ട് അയാളുടെ കാലമായിരുന്നു. ഇന്ത്യന്‍ ബ്രഹ്മാണ്ഡ സിനിമകളുടെ പിതാവായി അയാള്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍ വാരി വലിച്ച് സിനിമകള്‍ ചെയ്യുന്ന കൂട്ടത്തിലായിരുന്നില്ല ശങ്കര്‍. അതുകൊണ്ട് തന്നെ 31 വര്‍ഷത്തെ കരിയറിനിടയില്‍ അദ്ദേഹം ചെയ്ത 14 സിനിമളാണ് ചെയ്തത്. രാജമൗലിക്കും പ്രശാന്ത് നീലിനുമെല്ലാം മുമ്പ് തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ബ്രഹ്മാണ്ഡം എന്ന വാക്ക് കേട്ടാല്‍ ആദ്യം ഓര്‍മ വരിക ശങ്കറിനെയാണ്.

ഇന്തയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകന്‍ കൂടിയാണ് ശങ്കര്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ 2 എന്ന ചിത്രത്തിന് മാത്രം സംവിധായകന്‍ 50 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ട്. സാധാരണയായി ശങ്കര്‍ ഒരു ചിത്രത്തിന് 30 മുതല്‍ 40 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങാറുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശങ്കറിന്റെ ആസ്തി ഏകദേശം 1000 കോടിയോളം വരും. നിരവധി ആഡംബര കാറുകളും ശങ്കറിന്റെ ഉടമസ്ഥതയിലുണ്ട്. ശങ്കര്‍ മാത്രമല്ല ഇളയമകള്‍ അതിഥിയും അഭിനയത്തിലേക്ക് അരങ്ങേറിയതിനാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്.

പക്ഷേ ഇപ്പോള്‍ ഇന്ത്യന്‍ 2 വിലുടെ ശങ്കര്‍ ട്രോളുകളില്‍ നിറയുകയാണ്. കമലഹാസന്‍ നായകനായ ചിത്രത്തെക്കുറിച്ച് വളരെ മോശം അഭിപ്രായമാണ് ഉണ്ടായത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത എവര്‍ഗ്രീന്‍ ഹിറ്റായ ഇന്ത്യന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ ഇന്ത്യന്‍ 2 വിനെ ശങ്കര്‍ ആരാധകരും കമല്‍ഹാസന്‍ ഫാന്‍സും ഒരുപോലെ തളളിപ്പറയുകയാണ്. ശങ്കറിന് എന്തുപറ്റി എന്നതാണ് തമിഴക സിനിമാ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച.

കലാ ജീവിതം ആരംഭിക്കുമ്പോള്‍ ഒരിക്കലും ഒരു സംവിധായകനാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല, മറിച്ച് ശിവാജി ഗണേശനെ പോലൊരു നടനാവുക എന്നതായിരുന്നു അയാളുടെ സ്വപ്നം. 100 രൂപ ദിവസക്കൂലിക്കാരനില്‍നിന്ന്, ഒറ്റപ്പടത്തിന് 50 കോടിവാങ്ങുന്ന സംവിധായകനിലേക്കുള്ള അയാളുടെ വളര്‍ച്ച ശരവേഗത്തിലായിരുന്നു.

50രൂപ ദിവസക്കൂലിക്കാരന്‍

മുത്തുലക്ഷ്മിയുടെയും ഷണ്‍മുഖത്തിന്റെയും മകനായി 1963 ഓഗസ്റ്റ് 17 ന് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്താണ് ശങ്കര്‍ ജനിച്ചത്. അമ്മ മുത്തുലക്ഷ്മി, ശിവാജി ഗണേശന്റെ കടുത്ത ആരാധികയായിരുന്നു. ശിവാജിയുടെ കുങ്കുമം എന്ന പടം കണ്ട് ഇഷ്ടമായ മുത്തുലക്ഷ്മി ഒരു മകന്‍ ജനിച്ചപ്പോള്‍ ആ സിനിമയിലെ ശിവാജിയുടെ കഥാപാത്രത്തിന്റെ പേര് അവന് നല്‍കി. താന്‍ ജനിച്ചതുതന്നെ സിനിമക്ക് വേണ്ടിയാണെന്നാണ് ഒരു അഭിമുഖത്തില്‍ ശങ്കര്‍ പറയുന്നത്.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടിയ ശങ്കറിന് തുടര്‍ന്ന് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടിലെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കാതിരുന്നത് മൂലമാണ് അയാള്‍ ടൈപ്പ്റൈറ്റിങ് കമ്പനിയില്‍ ജോലിക്ക് കയറിയത്. അക്കാലത്ത് വെറും 50 രൂപയായിരുന്നു അദ്ദേഹത്തിന്റെ ദിവസക്കൂലി. പിന്നീട് ഈ കമ്പനി പൂട്ടിയതോടെ ശങ്കര്‍ നാടകവേദികളിലേക്ക് തിരിഞ്ഞു.

ഒരു നാടകത്തിലെ ശങ്കറിന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ട സംവിധായകന്‍ എസ്എ ചന്ദ്രശേഖര്‍ അയാളെ തന്റെ അടുത്തേക്ക് വിളിപ്പിക്കുന്നു. ഒരു നടനായി തിളങ്ങാന്‍ കൊതിച്ച് ചന്ദ്രശേഖറിന്റെ അടുത്തേക്ക് ഓടി ചെന്ന ശങ്കറിന് നിരാശയായിരുന്നു ഫലം. എസ് എ ചന്ദ്രശേഖര്‍ അയാളെ വിളിപ്പിച്ചത് തന്റെ സഹസംവിധായകനാകാന്‍ വേണ്ടിയാണ്. സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം, മനസ്സില്ലാ മനസ്സോടെ അയാള്‍ ചന്ദ്രശേഖറിന്റെ അസിസ്റ്റന്റായി. അദ്ദേഹത്തിനൊപ്പം 17 സിനിമകള്‍ ചെയ്ത ശങ്കര്‍ ആ കാലയളവില്‍ തന്നിലെ നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പരിവര്‍ത്തനം. രാജേഷ് ഖന്ന നിര്‍മ്മിച്ച ജയ് ശിവ് ശങ്കര്‍ (1990) എന്ന സിനിമയില്‍ എസ് എ ചന്ദ്രശേഖറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ഹിന്ദി സിനിമയിലും അരക്കെ നോക്കി. ചന്ദ്രശേഖറിനൊപ്പം നിന്ന് സിനിമ പഠിച്ച ശങ്കര്‍ അക്കാലത്ത് ഇടവേളകളില്ലാതെ ലോകസിനിമകള്‍ കാണുമായിരുന്നു. ഹോളിവുഡിലെ സകല പടങ്ങളും അതിലെ ഓരോ ഷോട്ടുകളും അദ്ദേഹത്തിന് മനപാഠമായിരുന്നു.

സഹസംവിധായകനായി ജോലി ചെയ്യുന്ന കാലത്ത് പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതസാഹചര്യം. അന്ന് ഇന്നത്തെ പോലെ വലിയ പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. കോടമ്പാക്കത്തെ ഒരു ചെറിയ വീട്ടില്‍ പ്രാരാബ്ധങ്ങളുമായി കഴിഞ്ഞകാലം താന്‍ മറന്നിട്ടില്ലെന്ന് ശങ്കര്‍ ഈയിടെയും പറഞ്ഞു.

ജീവിതം മാറ്റിമറിച്ചത് ഒരു മലയാളി

സംവിധായകന്‍ പവിത്രനൊപ്പവും സഹസംവിധായകനായി ശങ്കര്‍ പ്രവര്‍ത്തിച്ചു. പവിത്രന്റെ 'സൂര്യന്‍' എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ശങ്കര്‍ കെ ടി കുഞ്ഞുമോന്‍ എന്ന മലയാളി, നിര്‍മ്മാതാവിനെ പരിചയപ്പെടുന്നത്. സൂര്യനും സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. ബ്രഹ്മാണ്ഡ സിനിമകളിലൂടെ തമിഴകത്തെയും ഇന്ത്യന്‍ സിനിമയെയും അത്ഭുതപ്പെടുത്തിയ ജൈത്രയാത്രയ്ക്ക് തുടക്കം കുറിക്കപ്പെടുന്നത് ആ പരിചയപ്പെടലിലൂടെയാണ്. നല്ലൊരു കഥയ്ക്കായി തിരഞ്ഞുകൊണ്ടിരുന്ന കെ ടി കുഞ്ഞുമോന്‍, ശങ്കറിന് ഒരു സിനിമയ്ക്കായി കൈ കൊടുത്തു. ഏറെ കാലമായി തന്റെ മനസ്സിലുള്ള കഥ ശങ്കര്‍ അങ്ങനെ സിനിമയ്ക്കാന്‍ തീരുമാനിച്ചു.

ശരത്കുമാറിനെയായിരുന്നു ശങ്കര്‍ തന്റെ കന്നിചിത്രത്തില്‍ നായകനായി ആദ്യം മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ ശരത്കുമാര്‍ സിനിമയ്ക്ക് പച്ചക്കൊടി കാണിക്കാതിരുന്നതോടെ ശങ്കര്‍ ആ കഥ കമലഹാസനിലേക്ക് എത്തിച്ചു. ആ കഥയ്ക്ക് സമാനമായ കഥയുള്ള സിനിമ ചെയ്തതിനാല്‍ കമലും സിനിമയില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ആ സമയം മറ്റ് ഹിറ്റുകളൊന്നുമില്ലാതിരുന്ന അര്‍ജുനിലേക്ക് ആ ചിത്രമെത്തി. ങ്ങനെ ശങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 1993 ജൂലൈ 30 ന് ജന്റില്‍മാന്‍ എന്ന ചിത്രം റിലീസ് ചെയ്തു. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിനെതിരെ സംസാരിച്ച ചിത്രം 175 ദിവസത്തിലധികമാണ് തിയേറ്ററുകളില്‍ ഓടിയത്.

അന്ന് ഇന്നത്തെ പോലെ പാന്‍ ഇന്ത്യന്‍ സിനിമാ സംസ്‌കാരം ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ജന്റില്‍മാന്‍ ഭാഷാഭേദമെന്യേ റിലീസ് ചെയ്തിടങ്ങളിലെല്ലാം ഹിറ്റായി. ആദ്യ സിനിമയിലുടെ തന്നെ ശങ്കറിന് മികച്ച സംവിധായകനുളള തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. നിര്‍മാണ സംരംഭമായ വെയിലിന് ദേശീയ പുരസ്‌കാരവും.പിന്നീട് എം.ജി.ആര്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റും നല്‍കി.

കാതലന്‍ തൊട്ട് ഹിറ്റ് പരമ്പര

ജന്റില്‍മാന്റെ വിജയത്തിന് ശേഷം ശങ്കര്‍, അക്കാലത്ത് ഡാന്‍സ് മാസ്റ്റര്‍ മാത്രമായിരുന്ന പ്രഭുദേവയെ നായകനാക്കി കാതലന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. എ ആ റഹ്മാന്‍ തകര്‍ത്ത, 'ടേക്ക് ഇറ്റ് ഈസി ഉര്‍വശി', 'പേട്ടറാപ്പ്', 'എന്നവളെ', 'കാതലിക്കും പെണ്ണിന്' തുടങ്ങിയ അതിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായി. എന്തിനേറെ കാതലിനിലെ 'മുക്കാലാ മുക്കാബല' എന്ന ഗാനം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വരെ ഇടം നേടി. സിനിമയില്‍ പ്രഭുദേവയ്ക്ക് ശബ്ദം നല്‍കിയത് നടന്‍ വിക്രം ആണെന്നത് മറ്റൊരു കൗതുകമായിരുന്നു. ജെന്റില്‍മാനിലൂടെ അര്‍ജുനെ സൂപ്പര്‍താരമാക്കിയ ശങ്കര്‍, പ്രഭുദേവ എന്ന കൊറിയോഗ്രാഫറെ നായകനാക്കിയും വിജയിപ്പിച്ചു.

ഇതിന് ശേഷമാണ് ഇന്ത്യനിലെ സേനാപതിയുടെ ആദ്യവരവ്. സേനാപതിയായി ശങ്കര്‍ ആദ്യം മനസ്സില്‍ കണ്ടത് രജനികാന്തിനെ ആയിരുന്നു, അത് സാധ്യമാകാതെ വന്നപ്പോഴാണ് അദ്ദേഹം കമല്‍ഹാസനിലേക്ക് എത്തിയത്. രൂപം കൊണ്ടും ഭാവം കൊണ്ടും ഉലകനായകന്‍ ഇന്ത്യനായപ്പോള്‍ കളക്ഷനില്‍ രജനികാന്തിന്റെ ബാഷ പോലും പിന്നിലായി എന്നതാണ് കൗതുകകരം.
പില്‍ക്കാലത്ത് രജനീകാന്ത്, കമലഹാസന്‍ എന്നിവരെ മുഖ്യവേഷത്തില്‍ അഭിനയിപ്പിച്ച് മൂന്ന് സിനിമകള്‍ വീതം ഒരുക്കാനുളള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. ശങ്കറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമെന്നാണ് കമല്‍ പറഞ്ഞത്. അതെന്തായാലും കമലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഇന്ത്യന്‍. മികച്ച നടനുളള ദേശീയ പുരസ്‌കാരവും ഈ സിനിമയിലുടെ അദ്ദേഹം സ്വന്തമാക്കി.

പിന്നീട് രണ്ടുപതിറ്റാണ്ടുകള്‍ക്കിടയില്‍ ജീന്‍സ്, മുതല്‍വന്‍, ബോയ്സ്, അന്യന്‍, ശിവാജി, എന്തിരന്‍, നന്‍പന്‍, എന്നീ സിനിമകള്‍ അദ്ദേഹം ചെയ്തു. എല്ലാം സൂപ്പര്‍ ഹിറ്റുകള്‍. വിജിലാന്റി സിനിമകളിലുടെയാണ് ശങ്കര്‍ ശ്രദ്ധേയനായത്. കുറെക്കൂടി തെളിച്ചു പറഞ്ഞാല്‍ നമ്മുടെ കായംകുളം കൊച്ചുണ്ണിയുടെ മോഡേണ്‍ വേര്‍ഷന്‍. എക്കാലവും അതൊരു മികച്ച വിജയ ഫോര്‍മുലയാണ്. ജന്റില്‍മാനിലും ഇന്ത്യനിലും പരീക്ഷിച്ച ഈ സൂത്രവാക്യം. 90കളില്‍ ഇന്ത്യന്‍ രാഷ്്രടീയത്തില്‍ ശക്തമായിരുന്ന, അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ ശങ്കര്‍ സിനിമകള്‍ ആഞ്ഞടിച്ചു.

ഇതില്‍ അന്യനൊക്കെ കണ്ട് ബോളവുഡ് സിനിമ തന്നെ ഞെട്ടിപ്പോയിരുന്നു. നടന്‍ ചിയാന്‍ വിക്രമിന്റെ എക്കാലത്തെയും വലിയ ഹിറ്റായി ചിത്രം മാറി. ഒരു സംഘട്ടന രംഗത്തിനായി മറ്റു സംവിധായകര്‍ പച്ചക്കറി ചന്തകള്‍ സെറ്റിടാന്‍ ആര്‍ട്ട് വിഭാഗത്തോട് ആവശ്യപ്പെടുന്ന കാലത്താണ് അന്യനില്‍ 127 വിയറ്റ്‌നാമീസ് ഫൈറ്റേഴ്സിനെയും 122 ക്യാമറകളെയും ഉപയോഗിച്ച് സ്റ്റണ്ട് സീന്‍ ഒരുക്കിയത്. മുടിയില്‍ നരയിട്ട് വാര്‍ദ്ധക്യത്തെ കാണിക്കുന്ന കാലത്ത് ഇന്ത്യന്‍ താത്തയെ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ പ്രോസ്‌തെറ്റിക് സാധ്യതകളെയും ഹോളിവുഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെയും കുറിച്ച് ചിന്തിക്കാന്‍ ശങ്കറിന് മാത്രമേ കഴിയൂ. അതുകൊണ്ടാണ് 2010 ല്‍ ഒരു റോബോട്ട് ചെയ്യുന്നതൊക്കെ കണ്ട് ഇന്ത്യന്‍ സിനിമ അമ്പരന്നുപോയത്. വിഎഫക്സ് അടക്കമുള്ളവ ഇത്രയേറെ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയതും ശങ്കര്‍ സിനിമകള്‍ റിലീസ് ചെയ്ത് തുടങ്ങിയതോടെയാണ്. എന്തിരന്‍ എന്ന സിനിമ ശരിക്കും ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു.

ഹോളിവുഡ് ശൈലിയില്‍ മേക്കിങ്ങ്

തികഞ്ഞ സാങ്കേതിക തികവാണ് ശങ്കര്‍ സിനിമകളുടെ കാതല്‍. ഹോളിവുഡ് പരീക്ഷിക്കുന്ന അതിനൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ തന്റെ സിനിമകളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ശങ്കര്‍ ഹോളിവുഡില്‍ നിന്നും സാങ്കേതിക വിദഗ്ധരെ ഇവിടേക്ക് എത്തിക്കാനും മടിക്കാറില്ല. ശങ്കറിന്റെ സിനിമകളില്‍ ഏറിയപങ്കും ആക്ഷന്‍ പാക്ക്ഡ് ത്രില്ലറുകളാണ്. ശങ്കറിന്റെ ലക്ഷ്യം ആരെയും അമ്പരപ്പിക്കുന്ന വിഷ്വല്‍ ട്രീറ്റാണ്. ദൃശ്യാത്മകതയുടെ ധാരാളിത്തം കൊണ്ട് പ്രേക്ഷകന്റെ കണ്ണു മഞ്ഞളിക്കുന്ന സീനുകള്‍, ആഗോള തലത്തില്‍ തന്നെ മികച്ച വിജയം നേടുകയും ചെയ്തു. പണമെറിഞ്ഞ് പണം പിടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തിയറി. അദ്ദേഹത്തിന്റെ പടങ്ങള്‍ ഭാഷയ്ക്കും ദേശത്തിനും അതീതമായി എല്ലായിടങ്ങളിലും സ്വീകരിക്കപ്പെടുന്നു. കാരണം അതൊന്നും ഡയലോഗ് ഓറിയന്റഡല്ല. വിഷ്വല്‍ ലാംഗ്വേജിലുടെ കാണികളുമായി സംവദിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

നടനായും നിര്‍മ്മാതാവായും തിളങ്ങിയിട്ടുണ്ട് ശങ്കര്‍. പൂവും പുയലും, വസന്തരാഗം, നീതിക്ക് ദണ്ഡനൈ, സീത എന്നിങ്ങനെ പല സിനിമകളില്‍ ചെറുവേഷങ്ങളില്‍ വന്ന ശങ്കര്‍ കാതല്‍ വൈറസ് എന്ന പടത്തില്‍ ഡയറക്ടര്‍ ശങ്കറായി തന്നെ അഭിനയിച്ചു. കാതലന്‍, ഇന്ത്യന്‍, ശിവാജി, എന്തിരന്‍, നന്‍പന്‍…എന്നിങ്ങനെ സ്വയം സംവിധാനം ചെയ്ത പടങ്ങളിലെ ഗാനരംഗങ്ങളിലും മിന്നിമറഞ്ഞിട്ടുണ്ട്.കാതലനിലെ പോട്ടൈ റാപ്പ് എന്ന ഗാനം എഴുതിക്കൊണ്ട് ആ നിലയിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു.

സ്വന്തം പ്രൊഡക്ഷന്‍ കമ്പനി വഴി അദ്ദേഹം നിര്‍മ്മിച്ച സിനിമകള്‍ ഭൂരിഭാഗവും കാലമൂല്യമുള്ളതാണ്. തന്റെ സഹസംവിധായകര്‍ ഉള്‍പ്പെടെയുളള നവാഗതര്‍ക്ക് ശങ്കര്‍ അവസരം ഒരുക്കി. കാതല്‍, വെയില്‍, ഇന്‍സൈ അരസന്‍, കല്ലൂരി, ഏരം, ആനന്ദപുരത്ത് വീട് എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകള്‍. നിര്‍മാണ സംരംഭങ്ങളിലുടെ പരീക്ഷണാത്മക സിനിമകള്‍ ഒരുക്കിയ ശങ്കര്‍ ഒരിക്കല്‍ പോലും സംവിധാനം ചെയ്യുന്ന പടങ്ങളില്‍ പതിവ് പാത വിട്ട് സഞ്ചരിച്ചിട്ടില്ല.

ശങ്കര്‍ ഇന്ത്യന്‍ സിനിമയില്‍ കൊണ്ടു വന്ന മാറ്റം എന്ന് ചോദിച്ചാല്‍ ഉത്തരം രണ്ടാണ്. ഒന്ന് തമിഴ് പോലെ ഒരു റീജിയണല്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുകൊണ്ട് രാജ്യാന്തര നിലവാരമുളള സിനിമകള്‍ സൃഷ്ടിച്ചു. അതിലുപരി അമിതാഭ് ബച്ചന്റെയും ഷാറുഖ് ഖാന്റെയും രജനികാന്തിന്റെയും കമല്‍ഹാസന്റെയും മുഖം നോക്കി സിനിമയ്ക്ക് കയറിയിരുന്നവര്‍ ശങ്കര്‍ സിനിമകള്‍ക്ക് കയറിയത് ഒരു പേര് മാത്രം നോക്കിയാണ്. സംവിധാനം : എസ്. ശങ്കര്‍..ആര് അഭിനയിച്ചാലും ആര് അഭിനയിച്ചില്ലെങ്കിലും പുതുമുഖങ്ങള്‍ നടിച്ചാലും ശങ്കര്‍ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടിയുണ്ടെന്ന് കാണികള്‍ക്ക് അറിയാം. ആ വിശ്വാസമായിരുന്നു ശങ്കറിന്റെ കരുത്ത്. പാന്‍ ഇന്ത്യന്‍ ഹിറ്റായ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗവുമായി വര്‍ഷങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ ആ വിശ്വാസം പാടെ നഷ്ടപ്പെടുത്തിയ ശങ്കറിനെയാണ് നാം കണ്ടത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശങ്കറിനും അയാളുടെ സിനിമകള്‍ക്കും പഴയ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്ന് പലരും പറയാറുണ്ട്. ഐ യും 2.0 യുമെല്ലാം സാമ്പത്തികമായി വലിയ വിജയങ്ങളായിരുന്നുവെങ്കിലും പ്രേക്ഷകരെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനുപ്രധാനമായ കാരണം തിരക്കഥയില്‍ വന്ന പിഴവുകളായിരുന്നു. കാലത്തിന് അനുസരിച്ച് മാറാനും ശങ്കറിന് കഴിഞ്ഞില്ല. ഏറ്റവും അവസാനം ശങ്കറിന്റെ സംവിധാനത്തില്‍ ഒരു സിനിമ വന്നത് 2018ലാണ്. യന്തിരന്റെ രണ്ടാം ഭാഗമായ 2.0 ആയിരുന്നു ആ ചിത്രം.

ശങ്കറിന് പിഴച്ചത് എവിടെ?

തമിഴിലെ പ്രശസ്തനായ എഴുത്തുകാരന്‍ സുജാതയായിരുന്നു ജന്റില്‍മാനടക്കമുള്ള ശങ്കറിന്റെ ആദ്യകാല സിനിമകള്‍ എഴുതിയത്. സംഭാഷണം, അഡീഷനല്‍ സ്‌ക്രീന്‍പ്ലേ- സുജാത എന്ന് മികച്ച ശങ്കര്‍ ചിത്രങ്ങളിലും ഉണ്ടായിരുന്നകാലം.
2008- ല്‍ സുജാത അന്തരിച്ചത് ശങ്കറിന് വലിയ പ്രശ്നമായിരുന്നു. പിന്നീട് അതുപോലെ ഒരു എഴുത്തുകാരനെ അദ്ദേഹത്തിന് കിട്ടിയില്ല. യന്തിരന്‍ 2.0 യില്‍ ജയമോഹനെ പോലെ ഒരു മികച്ച എഴുത്തുകാരനെ കൂട്ടുകിട്ടിയതു കൊണ്ട് മാത്രം കഷ്ടിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. പക്ഷേ പിന്നീട് എപ്പഴോ എഴുത്തിന് വലിയ പ്രധാന്യമില്ല എന്ന ചിന്ത അദ്ദേഹത്തിന് വന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ 2 വില്‍ തന്നെ ജയമോഹന്‍ എഴുതിയ തിരക്കഥ, മറ്റുപലരെയും വെച്ച് മാറ്റിച്ച് അവസാനം ഒരു കോലം കെട്ട അവസ്ഥയില്‍ ആയിപ്പോവുകയായിരുന്നു.

ദൃശ്യസമ്പന്നത കൊണ്ടും താരബാഹുല്യം കൊണ്ടും മാത്രം സിനിമയെ രക്ഷിച്ചെടുക്കാനാവില്ലെന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണമാണ് ഇന്ത്യന്‍ 2. അടിമുടി കുഴപ്പങ്ങളേ ഈ ചിത്രത്തിലുള്ളൂ. അതിന്റെ ഏറ്റവും പ്രധാന പ്രശ്നം തട്ടിക്കൂട്ടിയ കഥയാണ്. ഇന്ത്യന്‍ ഒന്നാം ഭാഗത്തില്‍ സേനാപതി എന്ന സ്വാതന്ത്ര്യസമര സേനാനി, തന്റെ കൂടി വ്യക്തിപരമായ വിഷയത്തിന്റെ പേരില്‍ ഒരു പോരാട്ടത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍, ഇവിടെ അഴിമതിക്കാരെ മുഴൂവന്‍ കൊന്നുതള്ളി നാടു ശുദ്ധീകരിക്കാനാണ് 'താത്ത'യെത്തുന്നത്. കമലഹാസനും തേച്ചാലും കുളിച്ചാലും മാറാത്ത നാണക്കേടാണ്, ചിത്രം സമ്മാനിച്ചത്. ഒരു ഫാന്‍സി ഡ്രസ് കോമ്പറ്റീഷനില്‍ പങ്കെടുക്കുന്ന പോലെയാണ് കമലിന്റെ കഥാപാത്രത്തിന്റെ മേക്കപ്പ് തോന്നിപ്പിച്ചത്. ഒരു സീനില്‍ പോലും പഴയ പ്രതാപത്തിലേക്ക് എത്താന്‍ കമലിന് കഴിഞ്ഞിട്ടില്ല.ശങ്കറാവട്ടെ കമലഹാസനേക്കാള്‍ ഔട്ട് ഡേറ്റഡായിപ്പോയിരിക്കുന്നവെന്ന് സോഷ്യല്‍ മീഡില വിമര്‍ശിച്ചു.

സേനാപതിയെന്ന വൃദ്ധനെ നീതിക്കൊലയുടെ ആദര്‍ശരൂപമാക്കി മാറ്റിയ കമല്‍ ഹാസന്‍ മാജിക്കായിരുന്നു ഇന്ത്യന്‍ എന്ന ശങ്കര്‍ സിനിമ. ഉദാരീകരണം ആരംഭിച്ചിട്ടും വിട പറയാത്ത ലൈസന്‍സ്- ഇന്‍സ്‌പെക്ടര്‍ രാജിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും കാലത്ത്, ദാരിദ്ര്യത്തിന്റെ അവശതകള്‍ക്കു മീതെ അഴിമതിയുടെ ഞണ്ടുകള്‍ പാവപ്പെട്ടവന്റെ കഴുത്തില്‍ പിടിയ്ക്കാത്ത കാലത്ത്, 1996-ലാണ് ഈ ബ്ലോക്ക്ബസ്റ്റര്‍ പടം ഇറങ്ങിയത്. അക്കാലത്ത് ദാരിദ്ര്യവും, തൊഴിലില്ലായ്മയും വ്യാപകമായിരുന്നു. റിസര്‍വ് ബാങ്കിലെ സ്വര്‍ണ്ണംപോലും വിദേശ ബാങ്കുകളില്‍ പണയം വെച്ചകാലം ഓര്‍മ്മയില്ലേ. രാഷ്ട്രീയക്കാരുടെ അഴിമതികള്‍ ദിനം പ്രതി വാര്‍ത്തയാവുന്ന കാലം. ആ കാലത്താണ് സേനാപതിയുടെ വിജിലാന്റിസം.

ഐ.എന്‍.എ. ഭടനായിരുന്ന ഒരു വൃദ്ധന്‍ സര്‍വവ്യാപിയായ അഴിമതിക്കും അന്യായത്തിനുമെതിരെ വാളെടുക്കുന്ന സിനിമ ആ കാലത്തെ ജനങ്ങളുടെ വീര്‍പ്പുമുട്ടലിന്റെ കൂടെ പ്രതീകമായിരുന്നു. എന്നാല്‍ ഇന്നോ, കാലം എത്രയോമാറി. തകരുന്ന ഒരു ഇന്ത്യയെ അല്ല, വികസിക്കുന്ന ഒരു ഇന്ത്യയെയാണ് ഉദാരീകരണത്തിനുശേഷം നാം കണ്ടത്. ഇന്ത്യയുടെ ചെറുപ്പക്കാര്‍ ഇന്ന് നാനാഭാഗങ്ങളിലേക്ക് കുടിയേറി. അഴിമതി താരതമ്യേന കുറഞ്ഞു. ഒരു പ്രതീക്ഷയുമില്ലാത്ത 90കളിലെ ചെറുപ്പക്കാരെപ്പോലെയല്ല, ഇന്ന് ലോകത്തിന് മുന്നില്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന ഇന്ത്യന്‍ യുവത്വം. അവിടെയാണ് സേനാപതി ഔട്ട് ഡേറ്റഡ് ആയിപ്പോവുന്നത്. കത്തിയുമായി ഇറങ്ങാന്‍ സേനാപതിക്ക് പറ്റിയ സാമൂഹിക അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. അഴിമതിരഹിത സ്വതന്ത്ര്യ ഇന്ത്യ സ്വപ്നം കാണുന്ന നായകന്‍ പല ഘട്ടങ്ങളിലും കോമാളിയാവുന്നു. മുതലാളിമാരെ മുഴുവന്‍ കൊന്നൊടുക്കിക്കൊണ്ട് നക്സല്‍ കാലത്തിലെപ്പോലുള്ള ഒരു വിഡ്ഡിത്തമാണ് നേതാജിയുടെ പേരില്‍ സേനാപതി നടപ്പാക്കുന്നത്. അതായത് സിനിമയുടെ കഥ ആശയപരമായി പാപ്പരാണെന്ന് ചുരുക്കം.

എന്നാല്‍ ശങ്കറാവട്ടെ ഇതൊന്നും പരിഗണിക്കാതെ, 96-ലെ കഥയെ, 2024-ലേക്ക് വിളക്കിച്ചേര്‍ത്തിരിക്കയാണ്. ആ ചേരുംപടി ചേരാത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചിത്രത്തിലുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഇക്കാലത്തും, ഷങ്കറിന്റെ മനസ്സില്‍ കറന്‍സിയിലുള്ള നോട്ടുകളാണ് ഉള്ളത്. ഇന്ത്യന്‍ 2 വില്‍ ഇപ്പോഴും അഴിമതിക്കാര്‍, നോട്ടുകെട്ടുകള്‍ എണ്ണിവാങ്ങി, ഫിനോഫ്ത്തലീനില്‍ മുക്കുമ്പോള്‍ പിടിക്കപ്പെടുന്നു! എ ഐക്കാലം സ്വപ്നം കാണുന്ന ഷങ്കര്‍ ഇവിടെ അറുപഴഞ്ചനാണ്. അതുപോലെ ഒരു ഡോക്ടര്‍ യു ട്യൂബ് നോക്കി ഓപ്പറേഷന്‍ നടത്തുന്നതും, അപ്പന്‍ഡിക്സിനായി മുതുകത്ത് കീറുന്നതുമൊക്കെ കണ്ടപ്പോള്‍, 'എന്റെ ശിവനേന്‍ എന്ന് പറഞ്ഞുപോയി. മൊത്തത്തിലെടുത്താല്‍ ലോജിക്കില്ലായ്മയുടെ ഘോഷയാത്രയാണ് ചിത്രം. ഇന്ത്യന്‍ ഒന്നില്‍, സിനിമാറ്റിക്ക് ലോജിക്കിന് വിരുദ്ധമായി ഒരു സീന്‍ പോലും ഉണ്ടായിരുന്നില്ല എന്ന് ഓര്‍ക്കണം.

അതായത് തിരക്കഥയിലെ പാളിച്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രശ്നമെന്ന് ചുരുക്കം. ഇനി തെലുഗ്് സൂപ്പര്‍ സ്റ്റാര്‍, രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ശങ്കറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിലെങ്കിലും പഴയ ശങ്കറിനെ തിരിച്ചുകിട്ടുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വാല്‍ക്കഷ്ണം: ഇന്ന് ആസിഫലി- രമേശ് നാരായണല്‍ വിവാദമൊക്കെ കാണുമ്പോള്‍ നമ്മള്‍ ശങ്കറിനെ നമിച്ചുപോകും. ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ നായക് (മുതല്‍വന്റെ റീമേക്ക്) വന്‍പരാജയമായി. അതേസമയം ശങ്കറിന്റെ ശിഷ്യന്‍ അറ്റ്‌ലി, ഷാറുഖ് ഖാനെ വച്ച് ജവാന്‍ ഹിറ്റായി. ആറ്റ്ലിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് സമ്മാനിക്കാന്‍ വേദിയിലെത്തിയത് ശങ്കറായിരുന്നു. ആ ഓഫര്‍ അദ്ദേഹം നിരസിച്ചില്ലെന്ന് മാത്രമല്ല ശിഷ്യനെ ചേര്‍ത്തു നിര്‍ത്തി ഇവന്‍ എന്റെ പയ്യനാണെന്ന് പറയാനും മറന്നില്ല! അതാണ് ശങ്കര്‍.