കണ്ണൂര്‍: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ വോട്ടുകള്‍ യു.ഡി.എഫ് പാളയത്തിലെത്തിക്കാന്‍ ജമാത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ശ്രമിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി പേടിയില്‍ മതേതര വോട്ടുകള്‍ യു.ഡി.എഫില്‍ എത്തിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതിന് മുസ്ലീം ലീഗും കൂട്ടു നിന്നു. എന്നാല്‍ ഇതൊന്നും വിലപ്പോയിട്ടില്ല. പാലക്കാട് എല്‍.ഡി.എഫ് ശക്തമായ മത്സരം കാഴ്ച്ചവെച്ചു. എല്‍.ഡി.എഫിന് അവിടെ നല്ല വിജയ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിന്നാണ് എല്‍.ഡി.എഫ് ശക്തമായ മത്സരം കാഴ്ച്ചവെച്ചത്. എല്‍.ഡിഎഫ് മുന്നേറുമ്പോള്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകും.

ബാക്കി കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം സംസാരിക്കാമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഒരു കാര്യം പറയാം. ചേലക്കരയില്‍ നല്ല ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് ജയിക്കും. വയനാട് എല്‍.ഡി.എഫ് നില മെച്ചപ്പെടുത്തും. എല്‍.ഡി.എഫിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിച്ചതെന്ന് വ്യക്തമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.