റാന്നി: തവണ വ്യവസ്ഥയില്‍ വാങ്ങാനെന്ന വ്യാജേനെയെത്തി മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. വടശേരിക്കര ചെറുകുളഞ്ഞി വാലുങ്കല്‍ വീട്ടില്‍ ആര്‍. നിമിലാ(37)ണ് കുടുങ്ങിയത്. ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റി സൂം എന്ന മൊബൈല്‍ കടയില്‍ നിന്നാണ് ഇയാള്‍ 6800 രൂപ വില വരുന്ന ഫോണ്‍ എടുത്തു കടന്നത്. ഈ മൊബൈല്‍ കടയുടെ അടുത്തുള്ള സ്ഥാപനത്തില്‍ കുറച്ചുനാള്‍ സെയില്‍സ്മാനായി ജോലി ചെയ്തയാളാണ് പ്രതി. ഇപ്പോള്‍ താമസിക്കുന്നത് ഭാര്യയുടെ ഇടപ്പാവൂരിലെ വീട്ടിലാണ്. നേരത്തെ സെക്യൂരിറ്റി ജോലി നോക്കിയിരുന്നു.

കഴിഞ്ഞദിവസം ഇയാള്‍ കടയിലെത്തി 20,000 രൂപയ്ക്കുള്ള മൊബൈല്‍ തവണ വ്യവസ്ഥയില്‍ ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡും മറ്റുമായി പിന്നീട് വരാന്‍ ജീവനക്കാരന്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് മഴയുള്ള സമയത്ത് ഇയാള്‍ വീണ്ടും കടയിലെത്തി. കൈയിലിരുന്ന കീപാഡ് ഫോണ്‍ ചാര്‍ജ് ഇല്ല എന്ന് പറഞ്ഞ് അവിടെ കുത്തിയിട്ടു. ആധാര്‍ കാര്‍ഡും മറ്റു രേഖകളും നോക്കി വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ജീവനക്കാരന്‍ ശുചിമുറിയിലേക്ക് പോയ തക്കം നോക്കി നിമില്‍ മൊബൈല്‍ ഫോണ്‍ കവരുകയായിരുന്നു. ബിബിന്‍ തിരിച്ചെത്തിയപ്പോഴും മോഷ്ടാവ് അവിടെ നില്‍പ്പുണ്ടായിരുന്നു. ചാര്‍ജിലിട്ട ഫോണ്‍ എടുത്തശേഷം നാളെ വരാം എന്ന് പറഞ്ഞ് ഇയാള്‍ സ്ഥലംവിട്ടു. രാത്രി ഒമ്പത് മണിയോടെ കടയടയ്ക്കാന്‍ ഒരുങ്ങിയ ജീവനക്കാരന്‍ ഡിസ്പ്ലേ നോക്കുമ്പോഴാണ് ഒരു ഫോണ്‍ ഇല്ല എന്ന വിവരം അറിയുന്നത്.

സിസിടിവി പരിശോധിച്ചപ്പോള്‍ നിമില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നത് കണ്ടു. ബിബിന്‍ അടുത്തുള്ളവരോട് വിവരം പറഞ്ഞു, സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും അവര്‍ക്ക് മോഷ്ടാവ് ചെറൂകുളഞ്ഞി സ്വദേശിയായ നിമില്‍ ആണെന്ന് മനസ്സിലായി. അവര്‍ നല്‍കിയ സൂചനയില്‍ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത്. പത്തനംതിട്ട സ്വദേശി ഫിറോസ് എന്നയാളുടേതാണ് മൊബൈല്‍ ഷോപ്പ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, മോഷ്ടാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജമാക്കിയതിനെ തുടര്‍ന്ന് നിമിലിനെ ഭാര്യ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. മൊഴി എടുത്തശേഷം ഇയാള്‍ മോഷ്ടിച്ച മൊബൈല്‍ വിറ്റ ഇട്ടിയപ്പാറ ഐത്തല റോഡിലെ മൊബൈല്‍ കടയിലെത്തി പ്രതിയുമായി പോലീസ് തെളിവെടുത്തു. ഇവിടെ 2500 രൂപയ്ക്കാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ വിറ്റത്, 1000 രൂപ അഡ്വാന്‍സായി നല്‍കിയതായും ബില്ലുമായി വരുമ്പോള്‍ ബാക്കി തുക നല്‍കാമെന്ന് പറഞ്ഞതായും കടയുടമ പോലീസിന് മൊഴി നല്‍കി.

കടയിലെ കൗണ്ടറില്‍ നിന്നും ഫോണ്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഫോണ്‍ ഉടമയെ കാണിച്ചു തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും മറ്റും വ്യക്തമാകുന്നതിന് വേണ്ടി പ്രതിയെ കസ്റ്റേഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഡിവൈഎസ്പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ കുടുക്കിയത്. എസ് ഐ സുരേഷ് ചന്ദ്രപണിക്കര്‍, എസ് സിവിപി ഓമാരായ അജാസ് ചാരുവേലില്‍, സതീഷ് സി പി ഓ ഗോകുല്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉള്ളത്.