കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. 450ഓളം ജീവനുകള്‍ കവര്‍ന്ന വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് മോദി സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയ വിനിമയം നടത്തി. കേരളത്തെ സഹായിക്കാനുള്ള പാക്കേജും ആവശ്യപ്പെട്ടു. എല്ലാം പ്രധാനമനന്ത്രി അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നാണ് സൂചന. കരുണാര്‍ദ്രമായ ഇടപെടലാണ് മോദിയില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.

ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ഹെലികോപ്റ്ററില്‍ കല്‍പറ്റയിലെത്തുന്ന അദേഹം റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകും. ദുരന്തത്തെ അതിജീവിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി നേരില്‍ക്കാണും. മേപ്പാടി ആശുപത്രിയില്‍ കഴിയുന്ന അരുണ്‍, അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡിഷ സ്വദേശി സുഹൃതി എന്നിവരെയാണ് മോദി സന്ദര്‍ശിക്കുന്നത്. ചെളിക്കൂനയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ക്കുശേഷം രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചയാളാണ് അരുണ്‍, നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലാണ് അനില്‍.

മൂന്നു മണിക്കൂറാണ് മോദിയുടെ സന്ദര്‍ശന സമയം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. ബെയ്ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുക്കുക. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

പ്രധാനമന്ത്രി എത്തുന്നതിനാല്‍ തന്നെ സുരക്ഷ കാരണങ്ങള്‍ കണക്കിലെടുത്ത് ദുരന്ത മേഖലയില്‍ തിരച്ചില്‍ ഉണ്ടായിരിക്കില്ല. താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 മണി വരെ താമരശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.